ഏഴാച്ചേരി: ഭക്തർക്ക് ഓണപ്പായസം വഴിപാടായി നടത്തുന്ന അത്യപൂർവ അനുഷ്ഠാനമുള്ള ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ ഓണപ്പായസ പ്രസാദ വിതരണം ആരംഭിച്ചു. ഇന്നലെ രാവിലെ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി മുളവേലിപ്പുറം ഹരിനമ്പൂതിരി ആദ്യ ഓണപ്പായസം ഏറ്റുവാങ്ങി. തുടർന്ന് ഭക്തർക്ക് ഓണപ്പായസ വിതരണം ആരംഭിച്ചു. ഓണപ്പായസ പ്രസാദവിതരണത്തിന് മുന്നോടിയായി മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടത്തി. തുടർന്നാണ് മേൽശാന്തിയിൽ നിന്നും മുളവേലിപ്പുറം ഹരി നമ്പൂതിരി ഓണപ്പായസം ഏറ്റുവാങ്ങിയത്. കാവിൻപുറം ദേവസ്വം വൈസ് പ്രസിഡന്റ് പി.എസ് ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി ചന്ദ്രശേഖരൻ നായർ പുളിക്കൽ, കമ്മറ്റിയംഗങ്ങളായ ഭാസ്‌കരൻ നായർ കൊടുങ്കയം, പ്രസന്നൻ കാട്ടുകുന്നത്ത്, ശ്രീജ സുനിൽ, സുരേഷ് പുലിതൂക്കിൽ തുടങ്ങിയവർ സംസാരിച്ചു. ഉത്രാടനാളിലും, തിരുവോണ നാളിലും മൂന്നുകൂട്ടം ഓണപ്പായസ വിതരണമാണ് നടക്കുന്നത്.