
കോട്ടയം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ മൂന്നുകൊല്ലം മുമ്പ് ഒന്നാം റാങ്ക് പടികടന്നെത്തിയ കോട്ടയം ചെമ്മനംപടി ശങ്കരമംഗലം വീട്ടിലേക്ക് വീണ്ടുമൊരു ഒന്നാംറാങ്കിന്റെ തിളക്കം. 2019ൽ സഹോദരൻ വിഷ്ണു വിനോദാണ് ഒന്നാംറാങ്ക് നേടിയതെങ്കിൽ ഇക്കുറി അത് അനുജൻ വിശ്വനാഥ് വിനോദിന്.
പ്ലാന്ററായ വിനോദ് കുമാറിന്റെയും ചാന്ദിനിയുടെയും മകനായ വിശ്വനാഥ് 600ൽ 596.8 മാർക്കോടെയാണ് ഒന്നാംറാങ്ക് നേടിയത്. കേരള എൻജിനിയറിംഗ് പരീക്ഷയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറായ 950 നേടാനും വിശ്വനാഥിനായി. അഞ്ചു വർഷം മുമ്പാണ് ഇടുക്കി അണക്കരയിൽ നിന്ന് കുടുംബം കോട്ടയത്തേക്ക് താമസം മാറിയത്. ജെ.ഇ.ഇ അഡ്വാൻസ് ഫലം കൂടി വന്നശേഷം ഐ.ഐ.ടി മദ്രാസിൽ ചേർന്ന് കമ്പ്യൂട്ടർ സയൻസോ ഇലക്ട്രിക്കലോ പഠിക്കാനാണ് താത്പര്യമെന്ന് വിശ്വനാഥ് പറഞ്ഞു. ചേട്ടനാണ് റോൾ മോഡൽ. സഹോദരൻ വിഷ്ണു മദ്രാസ് ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിൽ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.