
കോട്ടയം. ഗ്രാമവണ്ടി പദ്ധതി പാതിവഴിയിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വാഹനസൗകര്യം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസാണ് ഗ്രാമവണ്ടി. പദ്ധതിയുടെ വിശദാംശങ്ങളുൾപ്പെടുത്തി സഹകരിക്കാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് കത്ത് നൽകിയെങ്കിലും നാളിതുവരെ മറുപടി ലഭിച്ചില്ല.
സർവീസ് നടത്തുന്ന ബസുകളുടെ ഇന്ധന ചെലവ് തദ്ദേശസ്ഥാപനം വഹിക്കണമെന്നാണ് നിബന്ധന. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ്, സുരക്ഷ എന്നിവയുടെ ചുമതലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്‌പെയർ പാർട്‌സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം ലക്ഷ്യമിട്ടായിരുന്നു കെ.എസ്.ആർ.ടി.സി പദ്ധതി ആവിഷ്‌ക്കരിച്ചത്. പഞ്ചായത്ത് പറയുന്ന റൂട്ടിൽ, പറയുന്ന സമയത്ത് സർവീസ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യാം. സ്‌പോൺസപ്പോൾ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഇത് നടപ്പാക്കുമെന്നാണ് ഗതാഗത മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, പദ്ധതി ജില്ലയിൽ ആരംഭിച്ചില്ല.
നിലവിൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെ.എസ്.ആർ.ടി.സി സർവീസുകൾ നഷ്ടത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസുകൾ സ്‌പോൺസർ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. അതേസമയം, ഭൂരിഭാഗം വീടുകളിലും ഇരുചക്രവാഹനങ്ങൾ ഉള്ളതിനാൽ മുൻകാലങ്ങളിലെതുപോലെ യാത്രക്ലേശം രൂക്ഷമല്ലെന്നാണ് പഞ്ചായത്തുകൾ പറയുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂർ, മുളക്കുളം, ഞീഴൂർ പഞ്ചായത്തുകളിലൂടെയുള്ള സർവീസിനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ആലോചന. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി കെ.എസ്.ആർ.ടി.സിയെ അറിയിച്ചിട്ടില്ല.