
കോട്ടയം. ജനകീയ പങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്വ ടൂറിസ മികവിന് കേരളത്തിന് നാല് സ്വർണ മെഡൽ. വേൾഡ് ട്രാവൽ മാർക്കറ്റും മദ്ധ്യപ്രദേശ് സർക്കാരും ഐ.സി.ആർ.ടി ഇന്റർനാഷണലും ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ കോണ്ടിനന്റ് അവാർഡ് ആണ് കേരളം നേടിയത്. ആദ്യമായാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ ഹാട്രിക് നേട്ടം മറികടക്കുന്നത്.
അഞ്ചു വർഷം മുമ്പ് കുമരകത്താണ് ആദ്യമായി ഉത്തരവാദിത്വ ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയത്. കുമരകം മാതൃകയുടെ ആവേശം ഉൾക്കൊണ്ട് കോവളം, വർക്കല, തേക്കടി അടക്കം പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. കൊവിഡാനന്തര ടൂറിസം വികസനത്തിന്റെ ഭാഗമായി കോട്ടയത്ത് അയ്മനം, നീണ്ടൂർ, വൈക്കം പ്രദേശങ്ങൾക്കു പുറമേ മലയോരമേഖലയിലെ വിവിധ പഞ്ചായത്തുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് . ജില്ലയെ ഉത്തരവാദിത്വ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.
നഗരകേന്ദ്രീകൃത ടൂറിസത്തിൽ നിന്ന് ഗ്രാമീണ ടൂറിസത്തിലേയ്ക്ക് ബഹുഭൂരിപക്ഷം ഉപഭോക്താക്കളും മാറി. ഇതിന്റെ ഭാഗമായി 30 പഞ്ചായത്തുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറിമാർ, പ്രസിഡന്റുമാർ എന്നിവർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഓരോ പഞ്ചായത്തുകളിലും പരമാവധി റിസോഴ്സുകൾ കണ്ടെത്തി അവിടെ നൂതന പദ്ധതികൾ നടപ്പാക്കും. നാട്ടിൻപുറത്തെ ആളുകളുടെ സഹകരണവും ഉറപ്പാക്കും. ഇതിനായി പട്ടികയിലുൾപ്പെട്ട പ്രദേശങ്ങളിലേയ്ക്ക് പ്രത്യേക ടൂർ പാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്. എഴുമാന്തുരുത്ത്, ആയാംകുടി പ്രദേശങ്ങൾ ലോക ടൂറിസം മാപ്പിൽ പെടുത്താനും ശ്രമമുണ്ട്.
സ്വർണ തിളക്കം നേടിയ കാറ്റഗറികൾ.
റെഡ്യൂസിംഗ് പ്ലാസ്റ്റിക് വെയ്സ്റ്റ്.
കൺസേർവിംഗ് വാട്ടർ (വാട്ടർ സ്ട്രീറ്റ് പ്രോജക്ട് ).
ഇൻക്രീസിംഗ് ഡൈവേർസിറ്റി ഇൻ ടൂറിസം.
ഡെസ്റ്റിനേഷൻ ബിൽഡിംഗ് ബാക്ക് ബെറ്റർ പോസ്റ്റ് കൊവിഡ്.
ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ ഒാർഡിനേറ്റർ രൂപേഷ് കുമാർ പറയുന്നു.
സംസ്ഥാന ടൂറിസം മിഷന് നാല് ദേശീയ അവാർഡുകൾ ലഭിക്കുന്നത് ആദ്യമായാണ്. ഇത് വലിയ നേട്ടമായി കാണുന്നു.