
കോട്ടയം. ഉദ്പാദനചെലവിന് അനുസരിച്ച് റബർ വില ഉയരാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. രണ്ടുമാസം മുമ്പ് റബർ ഷീറ്റിന് കിലോയ്ക്ക് 175 രൂപയും, റബർ പാലിന് 170 രൂപയും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഷീറ്റിന് 150 രൂപയും പാലിന് 118 രൂപയും പോലും കിട്ടുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വിലക്കുറവ് ആഭ്യന്തര വിപണിയിലും വില ഇടിയാൻ കാരണമായി. റബർ ഇറക്കുമതി ചുങ്കം 25 ശതമാനമാണ്. എന്നാൽ കാർബൺ ചേർത്ത റബർ മിശ്രിതത്തിന് ഇറക്കുമതി ചുങ്കം 10 ശതമാനം നൽകിയാൽ മതി. മുൻപ് ടയർ കമ്പനികൾ ഷീറ്റാണ് ഇറക്കുമതി ചെയ്തു കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ കാർബൺ ചേർത്ത റബർ കോബൗണ്ട് ആണ് വാങ്ങുന്നത്. കൂടാതെ പ്രകൃതിദത്ത റബർ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഉത്പാദനം വർദ്ധിച്ചിട്ടുമുണ്ട്. ഇതൊക്കെ ആഭ്യന്തര റബറിന്റെ വില വലിയതോതിൽ കുറയുന്നതിന് കാരണമായി.
കൊവിഡ് കാലത്ത് ലാറ്റക്‌സിന് വലിയതോതിൽ ആവശ്യക്കാരുണ്ടായിരുന്നു. കൈയുറ, മെത്തകൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികളാണ് ലാറ്റക്‌സ് വാങ്ങിയിരുന്നത്. എന്നാൽ കോബൗണ്ട് റബറിന്റെ വരവും വിദേശ രാജ്യങ്ങളിൽ നിന്ന് കൈയുറകൾ എത്തിച്ച് പായ്ക്ക് ചെയ്ത് വിൽക്കുന്ന കമ്പനികളുടെ ആധിക്യവും മൂലം ലാറ്റക്‌സ് വഴി ലഭിച്ചിരുന്ന വരുമാനവും കർഷകന് ഇല്ലാതായി. ഇതോടെ റബർ തോട്ടങ്ങളിൽ വീപ്പയിൽ ശേഖരിച്ചുവച്ചിരിക്കുന്ന ലാറ്റക്‌സ് എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. 200 രൂപയ്ക്ക് മുകളിൽ ഉദ്പാദനചെലവുള്ള റബറിന് 150 രൂപ വിൽപ്പന വിലയായതോടെ ദുരിതമനുഭവിക്കുകയാണ് കർഷകർ. മുൻകാലങ്ങളിൽ റബർ തോട്ടങ്ങളിൽ ടാപ്പിംഗ് നടത്തുന്ന തൊഴിലാളിക്ക് 20 ശതമാനവും, ഉടമയ്ക്ക് 80 ശതമാനവും ആയിരുന്നു വരുമാന വിഹിതം കണക്കാക്കിയിരുന്നത്. ഇപ്പോൾ ഉടമയ്ക്കും തൊഴിലാളികൾക്കും 50 ശതമാനം വീതം എന്ന കണക്കിലേക്ക് എത്തി.
ഉദ്പാദന ചെലവ് : 200 രൂപ.
വിറ്റു കിട്ടുന്നത് : 150 രൂപ.
റബർ കർഷകനായ നാരായണൻ പറയുന്നു.
കഴിഞ്ഞ ബഡ്ജറ്റിൽ റബർ സബ്‌സിഡിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ നീക്കിവച്ചിരുന്നു. റബറിന് വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സബ്‌സിഡി ഉടൻ കൊടുക്കാൻ സർക്കാർ തയ്യാറാകണം.