
പള്ളിക്കത്തോട്. മണ്ണിന്റെ നിറവും മണവും ആസ്വദിച്ച് വേറിട്ട ഓണാഘോഷം. പള്ളിക്കത്തോട് കയ്യൂരിയിലെ കട്ടച്ചിറ പാടശേഖരത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ വ്യത്യസ്തമായി ഓണാഘോഷം സംഘടിപ്പിച്ചത്. മണ്ണിനോട് മുഖം തിരിക്കുന്ന തലമുറ വളർന്നുവരുന്ന പുതിയ കാലഘട്ടത്തിലാണ് കായിക മത്സരങ്ങൾ പാടത്തെ ചെളിയിൽ നടത്തിയത്. ഓണം പോലുള്ള ആഘോഷങ്ങൾ കാർഷിക സംസ്‌കൃതിയുടെയും മണ്ണിന്റെ നിറവും മണവും ഉള്ളതുമായ ഉത്സവങ്ങളാണെന്ന് ഇവർ തെളിയിച്ചു. പ്രായഭേദങ്ങളില്ലാത്ത ആവേശത്തിനാണ് കയ്യൂർ സാക്ഷ്യം വഹിച്ചത്. കൊവിഡ് കാലമായതിനാൽ കഴിഞ്ഞ വർഷം ചെറിയ തോതിൽ തുടങ്ങിവച്ച ആഘോഷം ഈ വർഷം ഗംഭീരമാക്കി. വടംവലി,കബഡി, ചാക്കിൽ കയറി ഓട്ടം തുടങ്ങിയ ഓണക്കാലത്തെ കായിക മത്സരങ്ങളൊക്കെയും അരങ്ങേറി. പതിനഞ്ച് വർഷമായി കൃഷിയില്ലാതിരുന്ന പാടശേഖരത്ത് കഴിഞ്ഞ വർഷം നെൽകൃഷിയും ചെയ്തിരുന്നു. പരിപാടികൾക്ക് റബർ ബോർഡംഗം എൻ.ഹരി, ആർ.രാജേഷ്, ഉണ്ണി പള്ളിക്കത്തോട്, രതീഷ് കട്ടച്ചിറ, ആർ. രതീഷ്, എസ്. പ്രദീഷ് എന്നിവർ നേതൃത്വം നൽകി.