വൈക്കം: മനുഷ്യൻ മനുഷ്യത്വമുള്ളവനായിരിക്കണമെന്ന അടിസ്ഥാന തത്വം ശ്രീനാരായണ സന്ദേശത്തളെ കാലത്തിനതീതമായി എന്നും പ്രസക്തമാക്കുന്നുവെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

എസ്.എൻ.ഡി.പി.യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആശ്രമം സ്കൂളിൽ നടന്ന ചതയദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടേയും മതത്തിന്റേയും വർണ്ണത്തിന്റേയും വർഗത്തിന്റേയും ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റേയും പ്രദേശത്തിന്റെയും ഭാഷയുടേയുമെല്ലാം പേരിൽ മനുഷ്യൻ അന്യോന്യം അങ്കക്കോഴികളേ പോലെ ആഞ്ഞടുക്കുന്ന സാമൂഹ്യാന്തരീക്ഷം ഉയർന്നുവരുമ്പോൾ അവിടെയാണ് ശ്രീനാരായണ സന്ദേശങ്ങളുടെ പ്രസക്തി വളരെയേറെ പ്രാധാന്യത്തോടെ കാണേണ്ടത്. ഗുരുദേവ ദർശനങ്ങൾ എല്ലാ കാലഘട്ടത്തിലും നെഞ്ചേറ്റി മുന്നോട്ടുപോകാൻ നാടിനാകെ കഴിഞ്ഞാൽ ഭാരതീയ സംസ്‌കാരത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന ആശയവും അടിത്തറയും അർത്ഥപൂർണമാക്കാനാവും.ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷത ഉയരുന്നതും ശ്രീനാരായണ സൂക്തങ്ങളിൽ നിന്നാണ്. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തി ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനണിത് എന്ന് എഴുതി വച്ചതിലും കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിച്ചതിലൂടെയും ഉല്ലലയിൽ അവസാനത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി ഇനി ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണ് നമുക്ക് വേണ്ടത് എന്ന് പറഞ്ഞതിലുമെല്ലാം ഗുരുവിന്റെ കാല, ദേശങ്ങൾക്കതീതമായ ദീർഘവീക്ഷണമാണ് നാം കണ്ടത്. ഗുരുദേവ ദർശനങ്ങൾ മതത്തിന്റെയോ ഭാഷയുടേയോ ദേശത്തിന്റെയോ അതിർവരമ്പുകളില്ലാതെ ലോകചക്രവാള സീമകളിൽ പ്രതിഫലിക്കുന്നുവെന്ന് വി.എൻ വാസവൻ പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി സെൻ സ്വാഗതം പറഞ്ഞു. മന്ത്രി പി.പ്രസാദ് ചതയദിനസന്ദേശം നൽകി. ഡി.ജി.പി (ഫയർ ആന്റ് റെസ്‌ക്യൂ) ബി.സന്ധ്യ പ്രതിഭകളെ ആദരിച്ചു. തൃശൂർ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ ശിഖാ സുരേന്ദ്രൻ മെറിറ്റ് അവാർഡ് വിതരണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം, യോഗം അസി.സെക്രട്ടറി പി.പി സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് പി. മോഹൻ, യൂണിയൻ കൗൺസിലർമാരായ ബിജു കൂട്ടുങ്കൽ, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി. ദാസ്, ടി.എസ് സെൻ സുഗുണൻ, എം.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ നന്ദി പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി വിവേക്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, ആശ്രമം സ്‌കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഷാജി ടി.കുരുവിള, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എസ്.സിന്ധു, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എൽ.പി വിഭാഗം പ്രഥമാദ്ധ്യാപകൻ പി.ടി.ജിനീഷ്, സഹപാഠിക്കൊരു സാന്ത്വനം ജനറൽ കൺവീനർ വൈ.ബിന്ദു, സീനിയർ അസിസ്റ്റന്റുമാരായ റെജി എസ്.നായർ, പ്രിയാ ഭാസ്‌ക്കർ എന്നിവർ സന്നിഹിതരായിരുന്നു.