വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ വർണാഭമായ ചതയദിന ഘോഷയാത്ര നടന്നു. യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ യൂണിയനിലെ 54 ശാഖകളിൽ നിന്നായി ആയിരങ്ങൾ അണിനിരന്നു. ഘോഷയാത്രയുടെ വരവറിയിക്കുന്ന അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നിലായി പഞ്ചവാദ്യവും തെയ്യം, തിറ, കരകാട്ടം, നിലക്കാവടി, ബാന്റ് സെറ്റ്, ചെണ്ടമേളം, എന്നിവയാണെത്തിയത്.. കലാരൂപങ്ങൾക്ക് പിന്നിൽ ഗുരുദേവ ചിത്രം വഹിക്കുന്ന റിക്ഷ വലിച്ചുകൊണ്ട് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ എന്നിവരും റിക്ഷയെ പിൻതുടർന്ന് യൂണിയന്റെ ബാനറിന് പിന്നിൽ യൂണിയന്റെ മറ്റ് നേതാക്കളും ശാഖായോഗങ്ങളുടെ ബാനറുകൾക്ക് പിന്നിൽ പീത പതാകകളേന്തി പ്രവർത്തകരും നീങ്ങി. നിരവധി വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. കച്ചേരിക്കവല, കച്ചേരിക്കവല, പടിഞ്ഞാറെ ഗോപുരം, വടക്കേനട, ടി.കെ.മാധവൻ സ്‌ക്വയർ ,കൊച്ചുകവല, ബസ് സ്റ്റാന്റ്, കച്ചേരിക്കവല വഴി ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂളിൽ എത്തിച്ചേർന്നു.