vallamkali

കുമരകം: കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയിൽ ആഷിക് കളപ്പുര ക്യാപ്റ്റനായ സ്റ്റാർ ബോട്ട് ക്ലബ്ബ് തുഴഞ്ഞ മൂന്നുതൈയ്ക്കൽ ഇരുട്ടുകുത്തി വള്ളം ശ്രീനാരായണ എവർ റോളിംഗ് ട്രോഫി നേടി. അബിൻ ബി രാജേഷ് ക്യാപ്റ്റനായ ബ്രദേഴ്സ് ബോട്ട് കൃബ്ബിന്റെ തുരുത്തിത്തറയ്ക്കാണ് രണ്ടാം സ്ഥാനം. വെപ്പ് ഒന്നാം തരത്തിൽ പരിപ്പ് ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ് വിമൽ വിജയൻ ക്യാപ്റ്റനായ ജയ് ഷോട്ട് വിജയിച്ചു. അറുപറ ബോട്ട് ക്ലബ്ബിന്റെ സക്കീർ ഹുസൈൻ ക്യാപ്റ്റനായ പനയക്കഴിപ്പ് രണ്ടാം സ്ഥാനം നേടി. വെപ്പ് രണ്ടാം തരത്തിൽ ശിവശക്തി ബോട്ട് കബ്ബിന്റെ രാജേഷ് കുളിക്കാട്ടുമാലി ക്യാപ്റ്റനായ പി.ജി കരിപ്പുഴ വിജയിച്ചു. ജിനു മോഹൻ ദാസ് ക്യാപ്റ്റനായ എസ്.എസ്.ബി. സി ചെങ്ങളത്തിന്റെ ചിറമേൽ തോട്ടുകടവനാണ് രണ്ടാം സ്ഥാനം. ഇരുട്ടുകുത്തി രണ്ടാം തരം ഒന്നാം സ്ഥാനം സെന്റ് ജോസഫ് (കുമ്മനം യുവദർശന, ക്യാപ്റ്റൻ അഷ്റഫ് ) , രണ്ടാം സ്ഥാനം കുറുപ്പം പറമ്പൻ (ആപ്പിത്ര ബോട്ട് ക്ലബ്ബ്, ലാൽ ശങ്കർ ക്യാപ്റ്റൻ). ചുരുളൻ ഒന്നാം തരത്തിൽ അഖിൽ ലാൽ ക്യാപ്റ്റനായ കോടിമതയും ചുരുളൻ രണ്ടാം തരത്തിൽ ബിജിത്ത് ബിജുമോൻ ക്യാപ്റ്റനായ ഡായി നമ്പർ രണ്ടും വിജയിച്ചു. കോ വള്ളത്തിൽ ബിജു ക്യാപ്റ്റനായ ശിവശക്തി ബോട്ട് കബ്ബിന്റെ കാമിച്ചേരി ഒന്നാം സ്ഥാനവും അക്ഷയ് മോഹൻ ക്യാപ്റ്റനായ റോയൽ ബോട്ട് കബ്ബിന്റെ കോട്ടപ്പറമ്പൻ നമ്പർ രണ്ട് രണ്ടാം സ്ഥാനവും നേടി.

ആയിരത്തോളംവരുന്ന തുഴക്കാരുടെ ആവേശത്തിനും ആഹ്ലാദത്തിനും ചിങ്ങത്തിലെ ചതയം നാള്‍ സാക്ഷ്യം വഹിച്ചു. മൂന്നുവർഷക്കാലത്തെ ഇടവേള സൃഷ്ടിച്ച ആലസ്യത്തിൽ നിന്നും ഉച്ചത്തിലുള്ള ആര്‍പ്പുവിളികളാലും താളപെരുമയാര്‍ന്ന വഞ്ചിപ്പാട്ടുകളാലും ആവേശത്തില്‍ ആറാടി നില്‍ക്കുന്നൊരു അന്തരീക്ഷമാണ്‌ ഇരുകരകളിലും കാണാനായത്. 1903-ല്‍ ശ്രീ നാരായണഗുരു കുമരകത്തേയ്‌ക്ക്‌ ആലപ്പുഴയില്‍ നിന്നും വള്ളത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ എത്തുകയും കുമാരമംഗലം ക്ഷേത്രത്തില്‍ സുബ്രഹ്മണ്യ പ്രതിഷ്‌ഠ നടത്തുകയുമുണ്ടായി. ആ വരവിന്റെ ഓര്‍മ്മയ്ക്കായാണ്‌ എല്ലാ വര്‍ഷവും വള്ളംകളി നടത്തുന്നത്‌ .