പൂ പടയണി നാളെ ആരംഭിക്കും
ചങ്ങനാശേരി: നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിൽ നാല് ദിവസങ്ങളിലായി നടന്ന് വന്ന ചൂട്ട് പടയണി ഇന്ന് സമാപിക്കും. നാളെ മുതൽ പൂപടയണി ആരംഭിക്കും. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് പൂരം നടക്കുന്നത്. ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പടിഞ്ഞാറ് ഭാഗത്തുള്ള ചേരമാൻ പെരുമാൾ സ്മാരകത്തിൽ ചെന്ന് അനുവാദം ചോദിച്ച് മടങ്ങുന്നതോടെയാണ് ക്ഷേത്രത്തിൽ എല്ലാ ദിവസവും പടയണി ചടങ്ങുകൾ ആരംഭിക്കുന്നത്.
നാളെ രാത്രി പത്തിന് പൂമരം പടയണിക്കളത്തിലെത്തും. 14ന് തട്ടുകുടയും, 15ന് പാറാവളയവും പടയണിക്കളത്തിലെത്തും. അടിയന്തരക്കോലങ്ങളായ ഇവ നിർമ്മിക്കുന്നത് രാജഗോപാൽ വല്യാടത്തിലാണ്. പെരുമരത്തിന്റെ കമ്പ്, ചെത്തിപ്പൂ, ഒതളത്തിന്റെ പൂവ് കൂടെ ചേർത്താണ് പൂമരം ഉണ്ടാക്കുന്നത്. 16ന് കുടനിർത്ത് നടക്കും. ഇതോടൊപ്പം രാത്രിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കുടംപൂജകളിയും തോത്താകളിയും നടക്കും.
17ന് രാത്രി മുതൽ പ്ലാവിലക്കോലങ്ങൾ കളത്തിലെത്തും. ആദ്യദിവസം താപസക്കോലം കളത്തിലെത്തും. 18ന് ആനയും, 19ന് ഹനുമാനും. 20ന് പ്ലാവിലനിർത്ത് നടക്കും. ഭീമസേനനാണ് ഈ ദിനത്തിലെ പ്ലാവിലക്കോലം, കുടംപൂജകളി, തോത്താകളി, തുടർന്ന് പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്. 21ന് പിണ്ടിയും കുരത്തോലയും, 22ന് കൊടിക്കൂറ, കാവൽ പിശാച്. 23ന് മകം പടയണി. ഉച്ചക്ക് ഒന്നിന് ചിറമ്പ്കുത്ത് ആരംഭം, രാത്രി 7.30ന് ചിറമ്പുകുത്ത് തുടർച്ച, രാത്രി 11ന് കുടംപൂജകളി,തോത്താകളി, വേലകളി തുടർന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്, 24ന് പൂരംപടയണി, രാവിലെ ആറിന് പടയണിക്കളത്തിൽ ചെറിയന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപണി തുടങ്ങും. 12ന് ഉച്ചപ്പൂജയും കൊട്ടിപ്പാടിസേവയും, ഉച്ചക്ക് ശേഷം പ്രസാദമൂട്ട്. വൈകിട്ട് എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങമുറിയ്ക്കൽ രാത്രി പത്തിന് കുടംപൂജകളി, 10.30ന് മേൽശാന്തി ശങ്കരൻനമ്പൂതിരി സർവ്വപ്രായശ്ചിത്വം നടത്തും. തുടർന്ന് കരനാഥനും ദേവസ്വം പ്രസിഡന്റുമായ സി.കരുണാകരണകൈമൾ ചേരമാൻ പെരുമാൾ നടയിലെത്തി അനുജ്ഞവാങ്ങും. പിന്നീട് തോത്താകളി, രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം, 12.30ന് പടയണിഗ്രാമത്തിന്റെ ഹൃദയസമർപ്പണമായ വല്യന്നത്തിന്റെ എഴുന്നള്ളത്ത്, അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന,സിംഹം എന്നിവയുടെ എഴുന്നള്ളത്ത്.