പി.എച്ച്.സിയിൽ പുതിയ കെട്ടിടത്തിന് നാളെ തറക്കല്ലിടും
ഏറ്റുമാനൂർ: ഏറ്റുമാനൂർ മണ്ഡലത്തിൽ പുതിയ പദ്ധതികളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ഏറ്റുമാനൂർ പി.എച്ച്.സിയിൽ പുതിയ കെട്ടിടത്തിന് നാളെ തറക്കല്ലിടും. ഒ.പി, കാഷ്വാലിറ്റി ബ്ലോക്കുകളുടെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 11ന് വി.എൻ വാസവൻ നിർവഹിക്കും .രണ്ട് കോടി എഴുത്തിയെട്ട് ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഇൻകെല്ലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ഏറ്റുമാനൂർ മണ്ഡലത്തെയും പുതുപള്ളി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന കമ്പനിക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം ആരംഭിക്കാനുള്ള നടപടികളും പൂർത്തിയായി. ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുക. ടെൻഡർ പൂർത്തീകരിച്ച ജോലികൾ ഉടൻ ആരംഭിക്കും. 10.90 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രാേച്ച് റോഡ് നിർമ്മാണവും ഉടൻ ആരംഭിക്കും. 13.60 കോടി രൂപയുടേതാണ് പദ്ധതി. ഊരാളുങ്കൽ സാെസൈറ്റിക്കാണ് നിർമ്മാണചുമതല. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ എട്ടു റോഡുകളുടെ നിർമ്മാണം പൂർത്തിയായിവരുന്നതായി മന്ത്രി അറിയിച്ചു.
പൂർത്തിയാകുന്ന പദ്ധതികൾ
പട്ടിത്താനം മണർകാട് ബൈപാസിന്റെ അവസാന റീച്ച് ഉടൻ തുറക്കും.
.ഇല്ലിക്കൽ തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലം
അയ്മനം ഗ്രാമപഞ്ചായത്തിലെ അമ്പാടി ചാമത്ത ജയന്തി റോഡ്, തിരുവാറ്റ കല്ലുമട റോഡ്.
ഏറ്റുമാനൂരിലെ തവളക്കുഴി ക്ലാമറ്റം റോഡ്
കുടയംപടി-പരിപ്പ് റോഡ്
ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് നിർമ്മാണം
ഗാന്ധിനഗർ മെഡിക്കൽ കോളേജ് ആറുവരിപ്പാത.