കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ 12, 16 വാർഡുകളിലൂടെ കടന്നുപോകുന്ന ചിറവംമുട്ടം മലകുന്നം റോഡ് റീടാറിംഗിന് ജില്ലാ പഞ്ചായത്തിന്റെ 2022, 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ വൈശാഖ് അറിയിച്ചു. റോഡ് മുഴുവൻ കുഴികളായി നിലവിൽ വാഹന യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. ചിറവംമുട്ടം മഹാദേവ ക്ഷേത്രം ജംഗ്ഷനിലെ രാത്രികാലങ്ങളിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി ഒരു മിനി ഹൈമാസ്റ്റ് ലൈറ്റും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കും. പഞ്ചായത്ത് അംഗങ്ങളായ ബിജു എസ്.മേനോൻ, അനീഷ് തോമസ് എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് പദ്ധതികൾ അടിയന്തിരമായി ഏറ്റെടുത്തതെന്ന് പി.കെ വൈശാഖ് അറിയിച്ചു.