ചങ്ങനാശേരി : തൃക്കൊടിത്താനം പഞ്ചായത്തിന്റെ അമര കുടിവെള്ള പദ്ധതിയുടെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണം കോൺക്രീറ്റിംഗ് തുരമ്പെടുത്ത കമ്പിയിലെന്ന് ആരോപണം. പദ്ധതി നിർമ്മാണം പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാകാതെ പാതിവഴിയിലായിരുന്നു. ഏഴ് മാസമായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും തുരുമ്പെടുത്ത് ഉയർന്ന് നിൽക്കുന്ന കമ്പിയിലാണ് വീണ്ടും കോൺക്രീറ്റിംഗ് നടക്കുന്നത്. ലക്ഷക്കണക്കിന് ലിറ്റർ ഉൾക്കൊള്ളേണ്ട ടാങ്കാണ് ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നിർമ്മാണം പുന:രാരംഭിച്ചിരിക്കുന്നത്. തൃക്കൊടിത്താനം പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 1.85 കോടി രൂപ വാട്ടർ അതോറിറ്റിയിൽ കെട്ടിവച്ചാണ് നിർമാണം ആരംഭിച്ചത്. 2019 ആഗസ്റ്റ് രണ്ടിനായിരുന്നു ശിലാസ്ഥാപനം. പി.ആർ.ഡി.എസ് അമര നൽകിയ അഞ്ച് സെന്റ് സ്ഥലത്തായിരുന്നു നിർമ്മാണം. രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കാണിത്. കോൺക്രീറ്റ് ചെയ്യേണ്ട കമ്പികൾ കെമിക്കൽ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമാണ് നിർമ്മാണം പുന:രാരംഭിച്ചതെന്ന് എ.ഇ പറഞ്ഞു.
കുടിവെള്ളക്ഷാമം രൂക്ഷം
പഞ്ചായത്തിലെ 9, 10, 11,12 വാർഡുകൾക്കായാണ് പദ്ധതി ആംരഭിച്ചത്. നിലവിലുള്ള ടാങ്കിന് തകർച്ച നേരിട്ടതോടെയാണ് പഞ്ചായത്ത് പുതിയ പദ്ധതി വിഭാവനം ചെയ്തത്. വാട്ടർ അതോറിറ്റി ടെൻഡർ ചെയ്ത് പദ്ധതി ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും കരാറുകാരന്റെ അനാസ്ഥ മൂലം നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്. വേനൽക്കാലത്ത് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. പുനർനിർമാണ ജോലികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി മണ്ഡലം പ്രസിഡന്റ് ലിനു ജോബ് താലൂക്ക് വികസനസമിതി, പഞ്ചായത്ത്, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് നൽകിയ പരാതിയെ തുടർന്നാണ് നിർമ്മാണം പുനരാരംഭിച്ചത്.