അതിരമ്പുഴ : ഓളം തല്ലി ഒഴുകാൻ വെമ്പുകയാണ് അതിരമ്പുഴയുടെ ചരിത്രം പറയുന്ന പെണ്ണാർത്തോട്. പാേളേയാേട് മല്ലിട്ട് തളർന്ന് കിതച്ച് ഒഴുക്ക് നിലച്ച് മാലിന്യ വാഹിനിയായ സ്ഥിതിയിലാണിപ്പോൾ. മഴക്കാലത്ത് പോലും സുഗമമായി ഒഴുകാൻ സാധിക്കാത്ത വിധം തോട് നിശ്ചലമായി വെള്ളം കെട്ടിക്കിടന്ന് മലീമസമായി. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന അതിരമ്പുഴയിലേക്കും തിരിച്ചും കെട്ടു വള്ളങ്ങളിൽ ചരക്ക് ഗതാഗതം നടത്തിയിരുന്ന ചരിത്രമുള്ള പെണ്ണാർത്തോട് ശാപമോക്ഷത്തിനായി അധികാരികളുടെ കണ്ണ് തുറക്കാൻ കാത്തിരിക്കുയാണ്.
അതിരമ്പുഴ ചന്തക്കുളത്തിന് സമീപം മുതൽ മാന്നാനം പാലത്തിന് സമീപം വരെ തോടും ചതുപ്പ് നിലവും തിരിച്ചറിയാനാകാത്ത വിധം പോളയും പായലും പ്ലാസ്റ്റിക്ക് മാലിന്യവും തിങ്ങി നിറഞ്ഞ് കിടക്കുകയാണ്. കെട്ടിക്കിടക്കുന്ന പോളയും പായലും അഴുകി ദുർഗന്ധം വമിക്കുകയാണ്.
ഒന്നും ചെയ്യാതെ പഞ്ചായത്ത്
അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോടിന്റെ അതിരമ്പുഴ പഞ്ചായത്ത് പരിധിയിലുള്ള ഭാഗത്താണ് പോളയും പായലും കൂടുതൽ തിങ്ങിനിറഞ്ഞ് കിടക്കുന്നത്. മറ്റ് പഞ്ചായത്തുകൾ തോട് വൃത്തിയാക്കിയെങ്കിലും അതിരമ്പുഴ പഞ്ചായത്ത് കാലവർഷത്തിന് മുമ്പ് പതിവ് ശുചീകരണം പോലും നടത്തിയില്ല.
മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി തോടിന്റെ കുറെ ഭാഗം വൃത്തിയാക്കിയിട്ടുണ്ട്. തോടിന്റെ പൂർണ്ണമായ നവീകരണത്തിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായ ഉടൻ തോട് പൂർവ്വസ്ഥിതിയിലാക്കും.
ബിജു വലിയമല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്