
കുറവിലങ്ങാട്. കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും പത്തോളം തെരുവു നായകളെ ചത്ത നിലയിൽ കണ്ടെത്തി. നായകളുടെ ആക്രണം പതിവായതോടെ നാട്ടുകാർ വിഷംകൊടുത്തു കൊന്നതാണെന്നാണ് സൂചന. മുളക്കുളം, പെരുവ ഭാഗങ്ങളിലായാണ് ഇന്നലെ രാവിലെയോടെ നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ കൊച്ചുകുട്ടികൾ അടക്കമുള്ളവർക്ക് തെരുവു നായുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോയ വീട്ടമ്മയ്ക്കും കടിയേറ്റു. ഞായറാഴ്ച രാത്രിയോടെ ഇറച്ചിയിൽ വിഷം ചേർത്ത് കൊടുത്തതാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗ സ്നേഹികൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ മൃഗസ്നേഹികൾ രംഗത്ത് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.