
കോട്ടയം: തിരിച്ചുവരവിന്റെ പാതയിലായ ടൂറിസം മേഖലയ്ക്ക് ഓണം പൊലിച്ചു. ഇനി പൂജയും ദീപാവലിയും ബമ്പർ പ്രതീക്ഷയുമായി മുന്നിലുണ്ട്. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം തിരക്കുണ്ടായത്. പൂജ അവധിക്ക് ബുക്കിംഗുകൾ ആരംഭിച്ചത് ശുഭപ്രതീക്ഷയായാണ് ടൂറിസം മേഖലയി കാണുന്നത്.
അഭ്യന്തര സഞ്ചാരികളായിരുന്നു ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ. സാധാരണ ശനി, ഞായർ ദിവസങ്ങളിലായിരുന്നു തിരക്കെങ്കിൽ ഓണാവധിക്ക് എല്ലാവദിവസും ഹൗസ് ബോട്ടും റിസോർട്ടുകളും നിറഞ്ഞിരുന്നു. ഇടയ്ക്ക് വന്ന മഴയും വെള്ളപ്പൊക്കവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് കുറച്ചെങ്കിലും അഭ്യന്തര സഞ്ചാരികൾ ഈ വിടവ് നികത്തി. മദ്ധ്യ തിരുവിതാംകൂറിൽ നിന്നുള്ളവരായിരുന്നു കൂടുതലും. ഓണം പ്രമാണിച്ച് ഇക്കുറി വിദേശത്തേയ്ക്കും അന്യസംസ്ഥാനങ്ങളിലേയ്ക്കും പോകുന്നതിന് പകരം ആളുകൾ കൂട്ടത്തോടെ കുമരകം, വാഗമൺ പ്രദേശങ്ങളിലെത്തി. മുറിഞ്ഞ് പെയ്യുന്ന മഴയും മഞ്ഞും തണുപ്പുമൊക്കെയാണ് ഹൈറേഞ്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴ പെയ്തതോടെ തണുപ്പു കൂടി. തീവ്രമഴ പെയ്താൽ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്ന ആശങ്ക ടൂറിസം സംരംഭകർക്കുണ്ട്.
നവരാത്രിക്കും ഹൗസ് ഫുൾ.
നവരാത്രി പ്രമാണിച്ച് ഉത്തരേന്ത്യൻ സഞ്ചാരികളുടെ ബുക്കിംഗാണ് ഇപ്പോൾ. ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിൽ പോകുംവിധമാണ് പാക്കേജ്. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളിലും ബുക്കിംഗ് അവസാനിക്കാറായി. ഹൈദരബാദ്, മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അധികവും. ഇതിന് ശേഷം ദീപാവലിയും തുടർന്നുള്ള ക്രിസ്മസ് സീസണിലും ആളുകളുണ്ടാകുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ.
അനുകൂല ഘടകങ്ങൾ.
ഒക്ടോബർ മുതൽ മാർച്ച് വരെ പ്രധാന സീസൺ.
ഓണം മുതൽ സഞ്ചാരികളുടെ തിരക്ക് നല്ല സൂചന.
ടൂറിസം രംഗത്തെ ബാധിച്ച കൊവിഡ് ആശങ്ക മാറി.
അഭ്യന്തര ടൂറിസ്റ്റുകൾ ചെറുകിട സംരംഭകർക്ക് നല്ലത്.
ടൂറിസം സംരംഭകനായ ഷനോജ് ഇന്ദ്രപ്രസ്ഥ പറയുന്നു.
ദീപാവലി വരെ മിക്ക ദിവസങ്ങളിലും റിസോർട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും ബുക്കിംഗുണ്ട്. പാക്കേജ് ടൂറിസത്തോടാണ് നോർത്ത് ഇന്ത്യൻ സഞ്ചാരികൾക്ക് താത്പര്യം. ക്രിസ്മസോടെ കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തും.