
കോട്ടയം. ഓണത്തിന് കൃഷിവകുപ്പ് നേരിട്ട് നടത്തിയ 86 മാർക്കറ്റുകളിൽ നിന്ന് ലഭിച്ചത് 53.09 ലക്ഷം രൂപ. പഴം, പച്ചക്കറി ഉൾപ്പെടെ 69.32 ലക്ഷം രൂപയുടെ 142.994 ടൺ ഉത്പന്നങ്ങളാണ് സംഭരിച്ചത്. ഇതിൽ 112.694 ടൺ ഉത്പന്നങ്ങൾ വിറ്റഴിച്ചു. ബാക്കിയുള്ളവ എക്കോഷോപ്പിലേക്ക് മാറ്റി. ജില്ലയിലുള്ള 2961 കർഷകരിൽ നിന്നായിരുന്നു സംഭരണം. കൃഷിവകുപ്പിന് കീഴിലുള്ള 11 ബ്ലോക്കുകളിൽ ഉഴവൂർ, ഏറ്റുമാനൂർ ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. ഉഴവൂരിൽ 20 ടൺ സംഭരിച്ചതിൽ 16 ടൺ വിറ്റു.
കോട്ടയം ബ്ലോക്കിൽ 11 ടൺ സംഭരിച്ചതിൽ 8 ടൺ വിൽപ്പന നടന്നു. ജില്ലയിൽ 16,623 പേർ കർഷകചന്തയുടെ ഗുണഭോക്താക്കളായതായി കൃഷിവകുപ്പ് അറിയിച്ചു. പ്രാദേശിക കർഷകരിൽ നിന്നും 10 ശതമാനം വില അധികം നൽകി പഴം, പച്ചക്കറി ഉത്പന്നങ്ങൾ സംഭരിച്ച് 30 ശതമാനം വിലക്കുറവിലാണ് കർഷകചന്ത വഴി വിറ്റത്. ഓണസമൃദ്ധി 2022 ന്റെ ഭാഗമായി ജില്ലയിൽ സെപ്തംബർ നാല് മുതൽ ഏഴുവരെയായിരുന്നു കർഷക ചന്ത.