
കോട്ടയം. രാജ്യത്ത് നെല്ലിന്റെ ഉദ്പാദനത്തിലുണ്ടായ കുറവു പരിഹരിക്കാൻ കരനെൽ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യമുയരുന്നു.
നെൽകൃഷി മേഖലയിലെ പ്രധാന പ്രതിസന്ധി നാടൻ വിത്തുകളുടെ ലഭ്യതക്കുറവാണ്. മുൻപ് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കരനെൽ കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോൾ, നാമമാത്രമായേ ഉള്ളൂ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കരനെൽ കൃഷിയുള്ളത് വയനാട് ജില്ലയിലാണ്. കൃഷി വകുപ്പിന്റെ സഹായം ലഭിക്കുന്നവർ മാത്രമാണ് നിലവിൽ കരനെൽകൃഷി ചെയ്യുന്നത്. രണ്ട് വർഷമായി തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ, കരനെൽ കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. 90 ദിവസം ആണ് വിളവെടുപ്പു കാലാവധി.
മുൻപ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കരനെൽ കൃഷി ആരംഭിച്ചിരുന്നു. നെല്ലിന് ന്യായ വില ലഭിക്കാതിരുന്ന സാഹചര്യത്തിൽ പദ്ധതി താൽക്കാലികമായി നിലച്ചു. വിത്തുകൾ ലഭിക്കാതെ വന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ഹൈബ്രിഡ് വിത്തിനെക്കാൾ അനുയോജ്യം നാടൻ വിത്താണ്. ഏപ്രിലിന് മുൻപ് വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി.
ഞവര, ഗന്ധകശാല, തവളക്കണ്ണൻ തുടങ്ങിയ നാടൻ വിത്തിനങ്ങൾക്കാണ് ദൗർലഭ്യം. ഓരോ കൃഷി ഒാഫീസിലും ആകെ പദ്ധതി വിഹിതത്തിന്റെ ചെറിയ ശതമാനം മാത്രമാണ് കരനെൽ കൃഷിയ്ക്കായി മാറ്റിവയ്ക്കുന്നത്. പുതുതായി രംഗത്തേയ്ക്ക് വരുന്നുവർക്ക് ഭൂമി ഒരുക്കുന്നത് മുതൽ വലിയ ചെലവാണ് നേരിടേണ്ടി വരുന്നത്. നിലവിൽ നാമമാത്രമായ പദ്ധതികൾ മാത്രമാണ് കരനെൽ കൃഷിക്കായുള്ളത്. ഇത് കൃഷിയുടെ വ്യാപനത്തിനും പുതുതായി കൃഷിയിൽ ചെയ്യുന്നവർക്കും ഗുണപ്രദമല്ല. തുടർച്ചയായി മഴ ലഭിയ്ക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രോത്സാഹനമുണ്ടായാൽ കരനെൽ കൃഷി വ്യാപിപ്പിക്കാൻ സാധിക്കും.
കരനെൽകൃഷി നേരിടുന്ന പ്രതിസന്ധി.
നിലം ഒരുക്കുന്നതിന് അധിക ചെലവ്.
നാടൻ വിത്തിനങ്ങളുടെ ദൗർലഭ്യം.
സർക്കാരിന്റെ പ്രോൽസാഹനക്കുറവ്.
കൃഷി വകുപ്പിൽ ഫണ്ടിന്റെ അപര്യാപ്തത.
കരനെൽ വിളവെടുപ്പ് കാലം:
90 ദിവസം.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കുന്ന നാടൻ നെൽവിത്തുകൾ ലഭ്യമാക്കുകയും ഭൂമി ഒരുക്കുന്നതിന് ധനസഹായം നൽകുകയും ചെയ്താൽ കൂടുതൽ ആളുകൾ കരനെൽ കൃഷിയിലേയ്ക്ക് തിരിയും.