മുണ്ടക്കയം : ദേശീയ പാതയിൽ മുണ്ടക്കയം ഈസ്റ്റിൽ മരുതുംമൂട് താഴ്ഭാഗത്ത് പാതയോരത്തെ വിജനമായ പ്രദേശം മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. രാത്രിയോ പകലന്നോ ഇല്ലാതെയാണ് വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. പാതയോട് ചേർന്നുള്ള ടി.ആർ ആൻ്റ് ടി എസ്‌റ്റേറ്റ് സ്ഥലത്തേയ്ക്കാണ് മാലിന്യം തള്ളുന്നത്. കോഴിക്കടകളിലെ മാലിന്യവും, കാറ്ററിംഗ് കമ്പനികളുടെ മിച്ചം വരുന്ന ആഹാരസാധനങ്ങളും ചാക്കുകളിൽ കെട്ടി നിറച്ചാണ് തള്ളിയിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനായി തെരുവ് നായ്ക്കൾ കൂട്ടത്തോടെയെത്തുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. എസ്റ്റേറ്റിലേയ്ക്ക് തള്ളുന്ന മാലിന്യത്തിന്റെ പകുതിയലധികവും പാതയോരത്താണ് വീണ് കിടക്കുന്നത്. രൂക്ഷമായ ദുർഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. മാലിന്യനിക്ഷേപം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.