
വൈക്കം: കായലോളങ്ങളുടെ പാട്ടുകേട്ട് കാറ്റേറ്റിരിക്കണോ അല്പനേരം? വിശുദ്ധിയാർന്ന ഒരു സന്ധ്യയുടെ സ്വർണ്ണപരാഗങ്ങൾ നെഞ്ചിലേറ്റുവാങ്ങി അസ്തമയം കണ്ടുമടങ്ങണോ? നഗരസഭ തീരമൊരുക്കിയിട്ടുണ്ട്. അവിടെ നടപ്പാതയുണ്ട്.... ഇരിപ്പിടങ്ങളുണ്ട്.... പക്ഷേ വേമ്പനാട്ടുകായലിന്റെ ഈ മനോഹരതീരം കാട് കയറുന്നത് നഗരസഭാ അധികൃതർ മാത്രം കാണുന്നില്ല.
മഹാദേവക്ഷേത്രം കഴിഞ്ഞാൽ വൈക്കം നഗരത്തിന്റെ പ്രധാന ആകർഷണം ഇന്ന് ഈ കായൽതീരമാണ്. 1988ൽ അന്ന് റവന്യൂ മന്ത്റിയായിരുന്ന അന്തരിച്ച സി.പി.ഐ നേതാവ് പി.എസ് ശ്രീനിവാസനാണ് 6 ഏക്കർ 30 സെന്റ് സ്ഥലം വൈക്കം നഗരസഭയ്ക്ക് പതിച്ചുനൽകിയത്. പിന്നീട് അഡ്വ. പി.കെ ഹരികുമാർ ചെയർമാനായിരുന്നപ്പോൾ തീരദേശപാതയ്ക്ക് വേണ്ടി കായലിൽ നിന്നെടുത്ത മണ്ണുപയോഗിച്ച് നികത്തി ബീച്ച് നിർമ്മിച്ചു. കഴിഞ്ഞ കൗൺസിലിൽ എൻ.അനിൽ ബിശ്വാസ് ചെയർമാനായ കാലത്ത് ഇവിടെ നടപ്പാതയും ഇരിപ്പിടങ്ങളും ലൈറ്റും റേഡിയോയുമെല്ലാം സ്ഥാപിച്ച് ബീച്ച് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. പിന്നീടാരും അവിടെ ഒന്നും ചെയ്തില്ല.
മുഖംതിരിച്ച് നഗരസഭ.
കായലോര ബീച്ചിലൂടെ നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന പദ്ധതികൾക്ക് സി.കെ.ആശ എം.എൽ.എയുടെ ശ്രമഫലമായി സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനായി 9 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ എറണാകുളത്തെ സുഭാഷ് പാർക്കിന്റെ മാതൃകയിൽ ബീച്ച് നവീകരിക്കുന്നതിനായിരുന്നു പദ്ധതി. ഓപ്പൺ ജിം, കളിസ്ഥലം, ഓപ്പൺ സ്റ്റേഡിയം, ടോയ്ലറ്റ് ബ്ലോക്ക്, പൂന്തോട്ടങ്ങൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ 2020-21 ബഡ്ജറ്റിലാണ് തുക അനുവദിച്ചത്. അതിനു ശേഷം ഒരു ബഡ്ജറ്റ് കൂടി കഴിഞ്ഞിട്ടും ബീച്ചിൽ ഒന്നും നടന്നില്ല. നഗരസഭ താത്പര്യം കാട്ടാത്തതിനാലാണ് പദ്ധതിയുടെ ഡി.പി.ആർ പോലും ഇനിയും തയാറാക്കാൻ കഴിയാത്തത്.
കാട് വളർന്നു, ഒരാൾ പൊക്കത്തിൽ.
ബീച്ചിൽ വള്ളക്കടവ് ഭാഗത്ത് ഒരാൾ പൊക്കത്തിലാണ് കാട് വളർന്നു നിൽക്കുന്നത്. ഇവിടെ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. ബീച്ച് പോക്കുവരവ് ചെയ്യാത്തതിന്റെ പേരിൽ തിരികെ ഏറ്റെടുക്കാനുള്ള ശ്രമം റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് അടുത്തിടെയുണ്ടായിരുന്നു. നഗരസഭ ഹൈക്കോടതിയെ സമീപിച്ചാണ് സ്ഥലം പോക്കുവരവ് ചെയ്‌തെടുത്തത്. ബീച്ചിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായി സ്ഥാപിച്ചു കഴിഞ്ഞ നിലയ്ക്ക് ഇത്രയേറെ നഗരവാസികളെത്തുന്ന ബീച്ച് കാടുപിടിക്കാതെ നോക്കാനെങ്കിലും നഗരസഭ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കാടായി മുസിപ്പൽ പാർക്കും.
ബീച്ചിന് സമീപത്തു തന്നെ അടഞ്ഞുകിടക്കുന്ന മുനിസിപ്പൽ പാർക്കും കാടുകയറിയ നിലയിലാണ്. പാർക്കിലെ കളിയുപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുന്നു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നടപ്പാതകൾ ടൈൽ പാകിയും ഇരിപ്പിടങ്ങളും ലൈറ്റുകളും പുതിയ കളിയുപകരണങ്ങളും സ്ഥാപിച്ചും ചെടികൾ വച്ചുപിടിപ്പിച്ചുമെല്ലാം പാർക്ക് നവീകരിച്ചിരുന്നു. പാർക്കിനോടനുബന്ധിച്ച് ഐസ്‌ക്രീം പാർലറും ലഘുഭക്ഷണശാലയും തുടങ്ങി. കൊവിഡ് വന്നപ്പോൾ താഴ് വീണ പാർക്ക് പിന്നെ തുറന്നിട്ടില്ല.