കോട്ടയം : പരിപ്പ് തൊള്ളായിരംചിറ പാലവും അപ്രോച്ച് റോഡ് നിർമ്മാണവും പാതിവഴിയിലായതോടെ പ്രദേശത്ത് യാത്രാദുരിതം ഇരട്ടിയായി. അയ്മനം പഞ്ചായത്തിന്റെ 20,1 വാർഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ എന്നീ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. റോഡ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത കോലഞ്ചേരി സ്വദേശി പൗലോസ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി. 2003 ൽ സുരേഷ് കുറുപ്പ് എം.പി ആയിരുന്നപ്പോഴാണ് 900ചിറ വരമ്പിനകം പാലം ഉദ്ഘാടനം ചെയ്തത്. കോട്ടയത്ത് നിന്ന് കുമരകം വഴി, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്താം. പരിപ്പിൽ നിന്ന് കുമരകത്തേയ്ക്ക് ആറ് കിലോമീറ്ററാണ് ദൂരം. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് അമ്പാടി, ചാമത്തറ, ജയന്തിക്കവല, പരിപ്പ് തൊള്ളായിരം, മാഞ്ചിറ റോഡിലൂടെ കുമരകം കവണറ്റിൻ കരയിലെത്താം. കോട്ടയത്ത് നിന്ന് വരുന്നവർക്ക് കുടയംപടി, അയമ്‌നം ഒളശ്ശ, പരിപ്പ്, തൊള്ളായിരം മാഞ്ചിറ റോഡിലൂടെ കുമരകത്ത് എളുപ്പത്തിൽ എത്താം.
സുരേഷ് കുറുപ്പ് എം.എൽ.എ ആയിരുന്ന സമയത്താണ് രണ്ടാമത് അപ്രോച്ച് റോഡിന് അനുമതി ലഭിച്ചത്. 12 കോടി 65 ലക്ഷം രൂപയാണ് പാലത്തിനും അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള നിർമ്മാണത്തിനായി ടെൻഡർ നൽകിയിരുന്നത്. റോഡ് പൈലിംഗ് നടത്തി മെറ്റലും നിരത്തി. ശേഷം, പൂഴിയടിച്ച് ടാറിംഗ് നടത്തേണ്ട റോഡ് നിർമ്മാണം നിലച്ചു.
കരാറുകാരന്റെ പോക്കറ്റിൽ 5.75 കോടി
കരാറുകാരൻ 12 കോടിയിൽ 5.75 കോടിയോളം രൂപ റോഡ് നിർമാണത്തിനായി ചെലവഴിച്ചു. ബാക്കി വരുന്ന തുക കൊണ്ട് വേണം മറ്റു നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ. തികയാത്ത തുകയ്ക്കായി റീ ടെൻഡർ നൽകിയിട്ടുണ്ട്. ഇതിനിടെ കരാറുകാരനുമായുള്ള തർക്കം കോടതിയിലുമെത്തി. പുതിയ എസ്റ്റിമേറ്റ് എടുത്ത്, റീടെൻഡർ എടുത്താൽ മാത്രമേ റോഡ് നിർമ്മാണം പൂർത്തിയാക്കാനാകൂ.
തകർന്ന് കിടക്കുന്ന റോഡിലൂടെ യാത്ര ദുസ്സഹമാണ്. പാടശേഖരത്തിലേക്കുള്ള നെല്ല്, വളം എത്തിക്കുന്ന കർഷകരും സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് കൂടുതൽ പ്രതിസന്ധിയിൽ.
ഷാജി, പ്രദേശവാസി