പൊൻകുന്നം : റോഡ് നവീകരണ പദ്ധതികൾ ജനങ്ങൾക്കുള്ള സർക്കാരിന്റെ ഓണസമ്മാനമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ച പൊൻകുന്നം പ്ലാച്ചേരി റീച്ചിന്റെ ഉദ്ഘാടനം പൊൻകുന്നത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന നിലയിലേയ്ക്ക് സംസ്ഥാനത്തെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ മുന്നേറുകയാണ്. മറ്റ് റീച്ചുകളുടെ കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്ക് റോഡ് കൂടുതൽ പ്രയോജനകരമാകും. കൊവിഡിന് ശേഷം ഉണ്ടായ റിവൻജ് ടൂറിസത്തെ മുന്നിൽ കണ്ട് വേണ്ട സജീകരണങ്ങൾ ഒരുക്കാൻ സർക്കാരിനായി. ജനങ്ങളെ പരമാവധി നേരിൽ കണ്ട് ആവശ്യങ്ങൾ മനസിലാക്കി വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന സന്ദേശമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.ഇതിന്റെ ഭാഗമായാണ് റോഡുകളുടെ പരിപാലന കാലാവധി സൂചിപ്പിക്കുന്ന പച്ച ബോർഡുകളും റണ്ണിംഗ് കോൺട്രാക്ട് സൂചിപ്പിക്കുന്ന നീല ബോർഡുകളും നിരത്തുകളിൽ സ്ഥാപിക്കുന്നത്. ഇതിലൂടെ പൊതുജനത്തിന് റോഡിനെ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും വ്യക്തമായി മനസിലാക്കാൻ സാധിക്കും. കാഞ്ഞിരപ്പള്ളിയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് ഉടൻ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമൺ, കുളത്തൂർ, കാനം പത്തനാട് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പൊൻകുന്നം രജേന്ദ്ര മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അദ്ധ്യക്ഷനായി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കരാറുകാരേയും ഉദ്യോഗസ്ഥരെയും ചീഫ് വിപ്പ് ആദരിച്ചു.