കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷിക്കുന്നതിന് സംരക്ഷണകേന്ദ്രം സ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇതിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ഊരയ്ക്കനാട്ടുള്ള ഒരേക്കർ സ്ഥലം ഏറ്റെടുക്കുന്നത് പരിഗണനയിലാണെന്നും ഉന്നതതലയോഗത്തിൽ അദ്ദേഹം പറഞ്ഞു. മുഴുവൻ തെരുവുനായ്ക്കകൾക്കും പേവിഷ പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിനും, തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയോജകമണ്ഡലത്തിൽ തെരുവുനായ വന്ധ്യംകരണത്തിനായി 2 എബിസി സെന്ററുകൾ സ്ഥാപിക്കുന്നതിനും നിശ്ചയിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എ.ബി.സി പദ്ധതിയിലേക്ക് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും മൂന്നുലക്ഷം രൂപയും, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകൾ 5 ലക്ഷവും, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 5 ലക്ഷവും വകയിരുത്തും. വളർത്തു നായകൾക്ക് ലൈസൻസ് ഉണ്ടെന്നും, പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടെന്നും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും യോഗം നിർദ്ദേശിച്ചു.