വൈക്കം :തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി ഇന്ന് ഉദയനാപുരം ക്ഷേത്രത്തിൽ ദർശനം നടത്തും.
ദേവസ്വം ബോർഡ്, ഉപദേശകസമിതി എന്നിവരുടെ നേതൃത്വത്തിൽ 10.30ന് സ്വീകരണം നൽകും. തിരുവിതാംകൂർ രാജകുടുംബവുമായി ഏറെ ബന്ധമുള്ളതാണ് വൈക്കം മഹാദേവ ക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും. ദേവസ്വം ബോർഡിന്റെ ഭരണത്തിൽ ആണെങ്കിലും രാജഭരണകാലത്തെ ആചാരങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിലെ പല പ്രധാന ചടങ്ങുകളും നടന്നുവരുന്നത്. വൈക്കത്തഷ്ടമിക്ക് ആർഭാടം പകരാൻ 2 സ്വർണക്കുടകളും 2 സ്വർണ നെ​റ്റിപ്പട്ടവും ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്.
അഷ്ടമിവിളക്ക് തൊഴാൻ തിരുവിതാംകൂർ രാജാക്കന്മാർ പതിവായി എത്തിയിരുന്നു. ക്ഷേത്രദർശനം നടത്താൻ വരുന്ന രാജാക്കന്മാർക്ക് താമസിക്കാൻ നിർമിച്ചതാണ് വടക്കേനടയിലെ കൊട്ടാരം.
വൈക്കം മഹാദേവക്ഷേത്രത്തിൽ മാർകഴി മാസത്തിൽ പത്തു ദിവസങ്ങളിലായി നടത്തുന്നതും ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയോടെ സമാപിക്കുന്നതുമായ മാർകഴികലശം, തിരുവോണനാളിൽ നടക്കുന്ന വേല എഴുന്നള്ളിപ്പ് എന്നിവ ആരംഭിച്ചത് രാജകുടുംബത്തിന്റെ നിർദ്ദേശം അനുസരിച്ചാണ്. ക്ഷേത്രത്തിലെ നിറയുംപുത്തരിയും ചടങ്ങുകൾക്ക് മുഹൂർത്തം കുറിക്കുന്നതും രാജകുടുംബത്തിൽ നിന്നായിരുന്നു.
വൈക്കത്ത് അത്താഴശ്രീബലി സമയത്തു നടക്കുന്ന ഘട്ടിയം ചൊല്ലൽ, അഷ്ടമിക്കു മുൻപായി നടത്തുന്ന സന്ധ്യവേല എന്നിവയും രാജകുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്.