മുണ്ടക്കയം: സി.എസ്.ഐ സഭയുടെ 75-മത് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മുണ്ടക്കയം വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ ദീപശിഖ പ്രയാണവും സന്ദേശ റാലിയും ശനിയാഴ്ച നടത്തുമെന്ന് പബ്ലിസിറ്റി കൺവീനർ റവ. ഷിബു സേവരാജ്, യുവജനപ്രസ്ഥാനം ജില്ലാ സെക്രട്ടറി എബിൻ ലാലു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച രാവിലെ 7. 30ന് അമരാവതി ജംഗ്ഷനിൽനിന്നും ആരംഭിക്കുന്ന സന്ദേശറാലിക്ക് 35 മൈൽ, മുണ്ടക്കയം, 26 മൈൽ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കൊടുങ്ങൂർ, കാനം എന്നിവിടങ്ങളിൽ സ്വീകരണം ഒരുക്കും. ഓരോ കേന്ദ്രങ്ങളിലും പ്രാദേശിക സഭകളുടെ നേതൃത്വത്തിൽ റാലിക്ക് സ്വീകരണവും, വിശദീകരണ യോഗവും നടക്കും. ജില്ലാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി, മാർഗംകളി, ജൂബിലിഗാനം എന്നിവയും നടക്കും. ജില്ലയിലെ വിവിധ സഭകളിൽ നിന്നുള്ള വൈദികർ, സഭാ ശുശ്രൂഷകർ, സഭാ ജനങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
18 ന് ഉച്ചയ്ക്ക് 1 ന് മധ്യകേരള മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ സഭ മേലധ്യക്ഷന്മായും, സാംസ്കാരിക നായകന്മാരേയും പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടക്കും. കോട്ടയം ബേക്കർ മൈതാനത്ത് (ബിഷപ്പ് സി കെ ജേക്കബ് നഗർ) നടക്കുന്ന സമ്മേളനത്തിൽ മുണ്ടക്കയം വൈദിക ജില്ല ചെയർമാൻ റവ. ജേക്കബ് ജോർജ്, റാലി ക്യാപ്റ്റൻ റവ. റിജിൻ പി.എബ്രഹാം, പബ്ലിസിറ്റി കൺവീനർ റവ. ഷിബു സാൽവരാജ്, ഫിനാൻസ് കൺവീനർ റവ. ജോൺസൺ അലക്സാണ്ടർ, ജില്ലാ യുവജനപ്രസ്ഥാനം സെക്രട്ടറി എബിൻ പി ലാലു, ക്ലർജി കൺവീനർ റവ. ആശിഷ് ഇടിക്കുള, റവ. അലക്സാണ്ടർ ചെറിയാൻ, റവ. കെ എം ജോൺ, റവ. ജോൺ ഐസക് എന്നിവർ റാലിക്ക് നേതൃത്വം നൽകും.