neera

കോട്ടയം. കേരകർഷകരെ സംരക്ഷിക്കുന്നതിനു ലക്ഷ്യമിട്ട 'നീര' ഉദ്പാദന പദ്ധതി അന്യമായി. 2014 ലാണ് നീരയുടെ ഉദ്പാദനവും വിപണനവും ആരംഭിച്ചത്. എല്ലാ ജില്ലയിലും പദ്ധതിക്കു തുടക്കമിട്ടെങ്കിലും ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി 28 കമ്പനികളാണ് തുടങ്ങിയത്. ഇത് പിന്നീട് 12 കമ്പനികളായി ചുരുങ്ങി. ഏറ്റവുമൊടുവിൽ കൊല്ലത്തെ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിക്കും ഒരാഴ്ച മുൻപ് താഴുവീണു. തുടക്കത്തിൽ പ്രതിദിനം 4000 ലിറ്റർ വരെ നീര ഉദ്പാദിപ്പിച്ചിരുന്നു. പിന്നീട്, പ്രതിദിന ഉദ്പാദനം 300 ലിറ്ററിലും താഴെയായി. 500 മില്ലി ലിറ്റർ ബോട്ടിലിന് 80 രൂപയും 300 മില്ലി ലിറ്റർ ബോട്ടിലിന് 60 രൂപയുമായിരുന്നു വിൽപ്പന വില.

കേന്ദ്ര നാളികേര വികസന ബോർഡ് കൊണ്ടുവന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരാണ് നീര ചെത്താനുള്ള ലൈസൻസും മറ്റു സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തത്. ആദ്യഘട്ടത്തിൽ നൽകിയ സഹായങ്ങൾ പിന്നീട് നിലച്ചു. ഉദ്പാദനം നല്ല രീതിയിൽ നടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് പിന്തുണയും ലഭിക്കാതെ വന്നു. ലക്ഷങ്ങൾ മുടക്കിയാണ് നീര കർഷകർക്ക് പരിശീലനവും മറ്റും നൽകിയിരുന്നത്. ബോട്ടിലിൽ ആറ് മാസത്തിൽ കൂടുതൽ നീര കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കില്ല. ഒരു വർഷം വരെ സൂക്ഷിക്കാൻ സാധിക്കുന്ന ടെട്രാ പാക്കിംഗ് യൂണിറ്റ് എന്ന വാഗ്ദാനവും നടപ്പായില്ല.

കൊല്ലം നീര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഷാജഹാൻ കാഞ്ഞിരവിളയിൽ പറയുന്നു.

നീര സംസ്‌കരിച്ച് വിപണിയിൽ എത്തിക്കാൻ വലിയ ചെലവാണ്. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ വീണ്ടും കൊണ്ടുവരാനാവൂ. കൃഷി വകുപ്പ്, നാളികേര വികസന ബോർഡ് എന്നിവയെ സമീപിച്ചെങ്കിലും നാളിതുവരെ നടപടിയില്ല. കൊല്ലം ജില്ലയിൽ ചെത്തു തൊഴിലാളികളുടെ ദൗർലഭ്യം മൂലമാണ് കമ്പനി അടച്ചത്.