ബൈപാസിൽ ഊരാശാല റോഡിന്റെ ഭാഗവും അപകടമേഖല
പാലാ: അരുണാപുരത്ത് മാത്രമല്ല അപകടമേഖല; ബൈപാസിലെ ഊരാശ്ശാല റോഡിന്റെ ഭാഗത്തേക്കും അധികാരികളുടെ ശ്രദ്ധ ഉണ്ടായേ തീരൂ. ബൈപാസുവഴി ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഊരാശാല റോഡിൽ നിന്ന് കയറുന്ന വാഹനങ്ങളെ കാണണമെന്നില്ല; ഇടി ഉറപ്പ്.
വഴിപരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കിൽ പറയുകയും വേണ്ട. വിശാലമായ ബൈപാസിലൂടെ അതിവേഗതയിൽ വാഹനങ്ങൾ കടന്നുവരുമ്പോഴാകും പെട്ടെന്ന് ഊരാശ്ശാല റോഡിൽ നിന്ന് വാഹനങ്ങൾ കയറിവരുന്നത്. ഇതോടെ അങ്കലാപ്പിലാകുന്ന ഡ്രൈവർമാർ വാഹനങ്ങളെ അപകടത്തിൽപ്പെടാതെ ഒരുവിധത്തിൽ കടത്തിക്കൊണ്ട് പോകുകയാണ് പതിവ്. അരുണാപുരം ഭാഗത്ത് ഊരാശ്ശാല റോഡുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണ് വളരെ അപകടസാധ്യതയുള്ളത്. ഇങ്ങനെയൊരു റോഡ് ഇവിടെ കുറുകെ ഉണ്ടെന്ന് സ്ഥലപരിചയമില്ലാത്തവർക്ക് അറിയാൻ കഴിയില്ല. പ്രസിദ്ധമായ ആരാധനാലയങ്ങളും ആശുപത്രികളും വിദ്യാലയങ്ങളുമൊക്കെ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഊരശ്ശാല റോഡിന് വളരെ പ്രാധാന്യവുമുണ്ട്.
മെയിൻ റോഡിൽ വാഹനപരിശോധന നടത്തുന്ന അധികാരികൾ പക്ഷേ പലപ്പോഴും ബൈപാസിനെ അവഗണിക്കുകയാണ്. നിലവിൽ മെയിൻ റോഡിനേക്കാൾ കൂടുതൽ വാഹനങ്ങൾ ചീറിപ്പായുന്നത് ബൈപാസിലൂടെയാണ്.
ഊരാശ്ശാല റോഡ് ചേരുന്ന നാൽക്കവലയായ ഐക്കര കവല ഭാഗത്ത് ട്രാഫിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവസ്യം ശക്തമാണ്.
ബൈപാസിൽ ഊരാശ്ശാല റോഡ് ചേരുന്ന ഭാഗത്ത് എത്രയും വേഗം അപകടസൂചക ബോർഡോ സ്പീഡ് ബ്രേക്കർ ബാരിക്കേഡോ മറ്റ് ട്രാഫിക് സിഗ്‌നൽ സംവിധാനമോ ഉടനടി ഏർപ്പെടുത്തണം.
കമൽ രാധാകൃഷ്ണൻ, മുണ്ടമറ്റത്തിൽ, അരുണാപുരം.