മുണ്ടക്കയം: ഗ്രാമപഞ്ചായത്ത്‌ മുൻ അംഗം വരിക്കാനി, തുണ്ടത്തിൽ ടി.എം ബേബിയുടെ ( ഗ്ലോബൽ ബേബി ) നിര്യാണത്തോടെ നാടിന് നഷ്ടമായത് ജനകീയ നേതാവിനെ. ദീർഘകാലം മുണ്ടക്കയത്തിൽ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു ബേബി. പഞ്ചായത്ത് മുൻ ജനപ്രതിനിധിയെന്ന നിലയിൽ ജനകീയനായിരുന്ന ബേബിച്ചൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് (എം )സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മുണ്ടക്കയം കലാദേവി സാംസ്കാരിക സമിതിയുടെ സ്ഥാപക പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കോൺഗ്രസിലൂടെ പി.സി ജോർജിന്റെ സെക്കുലറിലെത്തുകയും, പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. തുടർന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസ് വിട്ട ബേബി കേരള കോൺഗ്രസിലൂടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 11ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ നടക്കും.