വൈക്കം: വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു സമൂഹത്തിന്റെ വികസനം സാദ്ധ്യമാകൂയെന്ന് തിരുവിതാംകൂർ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ലക്ഷ്മിഭായി പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ ദീർഘദൃഷ്ടികളായ ഭരണാധികാരികളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ. അതിനാലാണ് പ്രാഥമിക വിദ്യാഭ്യാസം തിരുവിതാംകൂറിൽ സൗജന്യവും സാർവത്രികവുമാക്കിയത്.

വൈക്കം ശ്രീ മഹാദേവ കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ അമൃത് വർഷ സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനവും അക്ഷരജ്യോതി അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു അവർ. കുതിരപ്പക്ഷി എന്ന നോവലിന്റെ രചയിതാവ് സജിത് മോഹന് അക്ഷരജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് ആമുഖപ്രഭാഷണം നടത്തി. ടി.ആർ.എസ് മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.കെ.ജെ.മാത്യു സ്‌കോളർഷിപ്പ് പ്രഖ്യാപനം നടത്തി. വായനാദിന ക്വിസ് മത്സര വിജയികൾ, അക്ഷരജ്യോതി വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പ്രത്യേക പരാമർശവും പ്രശസ്തി പത്രവും ലഭിച്ച ബിച്ചു എസ്.നായരെ ചടങ്ങിൽ അനുമോദിച്ചു. മാനേജർ ബി.മായ, ഡോ.ബി.ജെ.മേലേടം, ഡോ.ധന്യ എസ്, ഡോ.എച്ച്. സദാശിവൻ പിള്ള, മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ, സുബ്രഹ്മണ്യൻ അമ്പാടി, വൈക്കം രാമചന്ദ്രൻ, ഷൈൻ കുമാർ, സുഭാഷ്, ചന്ദ്രശേഖരൻ,ശ്രീലക്ഷ്മി, ആഷാ ഗിരീഷ്, മജ്ഞിമ, ശ്രീജ എന്നിവർ പ്രസംഗിച്ചു.