കോട്ടയം : കോടികൾ മുടക്കി നിർമ്മിച്ച അറവുശാലയാണ്. പക്ഷെ പറഞ്ഞിട്ടെന്ത് പ്രയോജനം. കോടികളുടെ വില അധികാരികൾക്കും അറിയണ്ടേ. ആരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് കോടിമതയിൽ ആധുനിക രീതിയിൽ പണി കഴിപ്പിച്ച ഈ അറവുശാല. മൂന്നുകോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. ഉദ്ഘാടനവും മാമാങ്കമായി നടത്തി. അധികകാലം പ്രവർത്തിച്ചില്ലെന്ന് മാത്രം. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ അറവുശാലക്ക് പൂട്ടുവീണു. ഇതോടെ അത്യാധുനിക യന്ത്രങ്ങൾ കേടുപിടിച്ച് നാശത്തിന്റെ വക്കിലാണ്.

കോടിമത പച്ചക്കറിച്ചന്തക്ക് സമീപം 30 സെന്റ് സ്ഥലത്താണ് നഗരസഭയുടെ അറവുശാല നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക യന്ത്രസംവിധാനങ്ങളാണ് ഇവിടെ മാടുകളെ കൊന്ന് കശാപ്പ് ചെയ്യുന്നതായി സ്ഥാപിച്ചത്. വേദന അറിയിക്കാതെ ബോധരഹിതമാക്കി കശാപ്പ് ചെയ്യുക. ആന്തരികാവയവങ്ങൾ വെറ്റിനറി ഡോക്ടറും ഹെൽത്ത് ഇൻസ്‌പെക്ടറും പരിശോധിക്കും. ഗുണമേന്മ ഉറപ്പുവരുത്തിയ മാംസം അറവുശാലയിൽ സ്റ്റാളുകളിൽ സ്ഥാപിച്ച് വില്പന നടത്തും. മാംസാവശിഷ്ടങ്ങളും മറ്റും തറയിൽ വീണ് മലിനമാകുന്ന അവസ്ഥ ഒഴിവാക്കാനുള്ള സംവിധാനം. മാലിന്യവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിന് ജനലശുദ്ധീകരണ പ്ലാന്റ് തുടങ്ങി നിരവധി സംവിധാനങ്ങൾ.

തുറന്നാൽ നേട്ടങ്ങൾ നിരവധി

നഗരത്തിലും സമീപ പ്രദേശങ്ങളിലും വഴിയോരങ്ങളിൽ അറവുമാടുകളെ കശാപ്പ് ചെയ്ത് വില്പന നടക്കുകയാണ്. ഇറച്ചിയുടെ ഗുണമേൻമ ഉറപ്പാക്കുന്നതിനോ കശാപ്പുശാലയിൽ വേണ്ടുന്ന അത്യാവശ്യം സൗകര്യങ്ങളോ ഇവിടങ്ങളിലില്ല. ഇപ്പോൾ നഗരത്തിൽ വില്പനയ്ക്കെത്തുന്ന ഭൂരിഭാഗം മാംസവും സമീപസ്ഥലങ്ങളിൽ കശാപ്പുനടത്തി എത്തിക്കുന്നതാണ്. ഇതിന് പരിഹാരമെന്ന നിലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാടുകളെ കശാപ്പ് ചെയ്യാനും ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുമുള്ള സാഹചര്യമാണ് കോടിമതയിലെ അറവുശാല തുറക്കാതെവന്നതോടെ ഇല്ലാതായത്.