kurunari

കോട്ടയം. തെരുവുനായ നാടു വിറപ്പിക്കുന്നതിനിടെ ഭീഷണിയായി കുറുനരിയും കളത്തിലിറങ്ങി. വനാതിർത്തികളിൽ കണ്ടിരുന്ന കുറുനരി നഗര പ്രദേശങ്ങളിലും ഇപ്പോൾ വ്യാപകമായി. കഴിഞ്ഞ ദിവസം പൂഞ്ഞാറിൽ രണ്ട് പേരെ കടിച്ചതാണ് ഒടുവിലത്തെ സംഭവം. കുറുനരിയുടെ കടിയേറ്റാലും പേ വിഷം ബാധിക്കുമെന്നതാണ് ആശങ്കാജനകം.

ആദ്യം വളർത്തുമൃഗങ്ങളെയും പക്ഷികളെയും ആക്രമിച്ചിരുന്ന കുറുനരി മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കാടുകൾ,​ ഓടകൾ എന്നിവിടങ്ങളാണ് വിഹാര കേന്ദ്രം. മാലിന്യമാണ് ഭക്ഷണം. കുറുനരികൾ പേ വിഷത്തിന്റെ വാഹകരാണ്. എന്നാൽ പേ വിഷം കുറുനരികളെ ബാധിക്കാറുമില്ല. ഈ സാഹചര്യത്തിൽ നായ്ക്കളേക്കാൾ അപകടകാരികളാണ് കുറുനരികൾ. തെരുവുനായ്ക്കൾക്ക് പേ വിഷം ബാധിക്കുന്നത് കുറുനരികളിൽ നിന്നാണെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണ്ടെത്തിൽ.

പാമ്പാടി.

സൗത്ത് പാമ്പാടി, നെടുങ്ങോട്ടുമല, മുളേക്കുന്ന്, മോസ്‌കോ, വത്തിക്കാൻ എന്നിവിടങ്ങളാണ് കുറുനരിയുടെ പ്രധാന കേന്ദ്രങ്ങൾ. പ്രദേശത്തെ റബർത്തോട്ടങ്ങളിലാണ് വാസം. വീടുകൾക്ക് സമീപമെത്തി കടിച്ചത് 3 പേരെ.

കറുകച്ചാൽ.

കുറുപ്പൻകവല, പനന്താനം, ചമ്പക്കര, ഉമ്പിടി നെടുംകുന്നം പഞ്ചായത്തിലെ മാന്തുരുത്തി, വള്ളിമല, കോമാക്കൽ, മൈലാടി, പന്ത്രണ്ടാംമൈൽ, മഠത്തുംപടി എന്നിവിടങ്ങളിലും കുറുനരി ശല്യക്കാരനാണ്. . ഇവിടെ നാലു പേർക്ക് കടിയേറ്റു.

പൊൻകുന്നം.

കുറുനരിയെ കണ്ട് പേടിച്ചോടിയ വിദ്യാർത്ഥി റോഡിൽ വീണു പരിക്കേറ്റതുൾപ്പെടെയുള്ള സംഭവങ്ങൾ. റോയൽ ബൈപാസ്, മഞ്ഞപ്പള്ളിക്കുന്ന്, മണ്ണംപ്ലാവ് പ്രദേശങ്ങളിലും കുറുനരി ശല്യം.

കാഞ്ഞിരപ്പള്ളി.

പനച്ചേപ്പള്ളി, മണ്ണാറക്കയം, ബ്ലോക്ക്പടി, കപ്പാട്, മൂഴിക്കാട്, തുമ്പമട, നീലിയാകര പ്രദേശങ്ങൾ.

മണ്ണാറക്കയം ബ്ലോക്ക്പടി ഭാഗത്തു കുടുംബനാഥന് രാത്രി കുറുനരിയുടെ ആക്രമണത്തിൽ പരക്കേറ്റിരുന്നു.

മണിമല, കോരുത്തോട്.

മണിമലയിൽ വീട്ടുമുറ്റത്ത് നിന്നയാളെ ആക്രമിച്ചു. കോരുത്തോട് പഞ്ചായത്തിൽ കുറുനരി കൃഷിയും നശിപ്പിക്കുന്നു.

കാട്ടിൽ നിന്ന് നാട്ടിലേയ്ക്ക്.

കാടിറങ്ങുന്ന കുറുനരിയെ ആകർഷിക്കുന്നത് കാടുകയറിയ ഇടങ്ങൾ.

ആൾപ്പെരുമാറ്റവുമില്ലാതെ കിടക്കുന്ന റബർത്തോട്ടങ്ങളിൽ കൂടുതൽ.

റോഡിലും ആളൊഴിഞ്ഞ പറമ്പുകളിലും തള്ളുന്ന മാലിന്യങ്ങൾ ഭക്ഷണം.

ഭക്ഷണം കിട്ടാതാവുന്നതോടെ പ്രകോപിതരായി ആളുകളെ കടിക്കുന്നു.

കോട്ടയം ഡി.എഫ്.ഒ എൻ.രാജേഷ് പറയുന്നു.

കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റാൽ രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ ലഭിച്ച അപേക്ഷകൾ നഷ്ടപരിഹാരത്തിനായി നൽകി. പറമ്പുകൾ വെട്ടിത്തെളിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.