മുണ്ടക്കയം ഈസ്റ്റ് : വിവിധ പദ്ധതികളും കൃഷിരീതികളും പരിചയപ്പെടുത്താൻ പഞ്ചായത്തിൽ കർഷക സഭകൾ വിളിച്ചുചേർത്തു. കർഷകർക്ക് കൃഷി സംബന്ധമായ ബോധവത്കരണം നൽകുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള വിള ഇൻഷുറൻസ് പദ്ധതികളെ കുറിച്ച് വിശദീകരിക്കുക, മണ്ണ് പരിശോധന നടത്തി അനുയോജ്യമായ കൃഷിരീതികളുടെ തിരഞ്ഞെടുപ്പിനെ പ്രോത്സാഹിപ്പിക്കുക, അതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള സഹായം നൽകുക, വിളകളുടെ മൂല്യവർധിത ഉത്പന്നങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ വാർഡുകളിലായി കർഷക സഭകൾ വിളിച്ച് ചേർത്തത്. കൃഷിഭവന്റെയും വ്യവസായ വാണിജ്യവകുപ്പിന്റെയും കീഴിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പാലൂർകാവ്, അമലഗിരി, മൂഴിക്കൽ, മുണ്ടക്കയം എന്നീ വാർഡുകളിലായി നടന്ന കർഷകസഭകൾ പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ എബിൻ വർക്കി, ഷീബ ബിനോയ്, പി.ആർ ബിജുമോൻ, ഇ.ആർ.ബൈജു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എൽസ ജൈൽസ്, ജോസഫ് ജെയ്മസ്, കെ.വി.സജിമോൻ, വർഗീസ് തോമസ്, വ്യാവസായിക വാണിജ്യ വകുപ്പ് ഇന്റേൺ ജെസ്‍ലിൻ എന്നിവർ പങ്കെടുത്തു"