ലേലത്തിൽ പങ്കെടുക്കാൻ ആരുമെത്തിയില്ല
കൊക്കയാർ: പുഴ പുനർജനി പദ്ധതി പ്രകാരം പുല്ലകയാറിൽ നിന്നും വാരിയ എക്കലും മണലും ലേലം കൊള്ലാൻ ആളില്ല. റവന്യു വകുപ്പ് നടപടികൾ പൂർത്തിയാക്കിയെങ്കിലും ലേലത്തിൽ ഒരാൾപോലും പങ്കെടുത്തില്ല. 2021ലെ പ്രളയത്തെ തുടർന്ന് മണിമലയാറിലും പുല്ലകയാറിലും കൊക്കയാറിലും അടിഞ്ഞു കൂടിയ മണ്ണും മണലും എക്കലും നീക്കം ചെയ്യുന്നതായിരുന്നു പുഴ പുനർജനി പദ്ധതി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയും ആറുകൾക്ക് ആഴം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വാരിയെടുത്ത മണൽ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്നും ലേലം ചെയ്ത് നീക്കാനുള്ള നടപടികളാണ് ഇപ്പോൾ വൈകുന്നത്.
മണൽ ലേലം ചെയ്യാനുള്ള നടപടികൾ റവന്യു വകുപ്പ് രണ്ടു തവണ പൂർത്തിയാക്കിയെങ്കിലും ആരും ലേലം കൊള്ളാൻ തയാറായില്ല. 3500 ക്യൂബിക് മീറ്റർ മണലാണ് ഇറിഗേഷൻ വകുപ്പിന്റെ കണക്കു പ്രകാരം ഇവിടെയുള്ളത്. മണൽ ഇവിടെ നിന്നും നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവില വളരെ കൂടുതലാണെന്നാണ് മണൽ വ്യാപാരികൾ പറയുന്നത്.
ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് മണലും ചരലും വാരിയത്. പുല്ലകയാര്‍ ശുചീകരണത്തിനായി ഇറിഗേഷന്‍ വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.വീണ്ടും മഴ ശക്തമായാൽ ഒഴുകിയെത്തുന്ന വെള്ളം തടസമില്ലാതെ കടന്നുപോകുന്നതിനാണ് ആറു ശുചീകരിക്കാൻ തീരുമാനമെടുത്തത്.
ഇനി വീണ്ടും ലേലം
കൊക്കയാര്‍ പഞ്ചായത്തിലെ ബോയ്സ് തോട്ടത്തിലും മുക്കുളത്തുമാണ് മണലും ചരലും കൂട്ടിയിട്ടിരിക്കുന്നത്. ചപ്പാത്തു ഭാഗത്തു നിന്നും വാരിയെടുത്ത മണല്‍ കൂട്ടിക്കല്‍ സ്‌കൂള്‍ മൈതാനത്തും ശേഖരിച്ചിട്ടുണ്ട്. കൂട്ടിയിട്ടിരിക്കുന്ന മണൽ മഴയത്ത് വീണ്ടും ആറിലേക്ക് ഒഴുകിയെത്തിയതും ലക്ഷങ്ങൾ പാഴായതും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മണൽ നീക്കം ചെയ്യാൻ വീണ്ടും ലേലം നടത്താനാണ് റവന്യു വകുപ്പിന്റെ തീരുമാനം.