ഒ.പി വിഭാഗത്തിൽ ഡോക്ടർമാരില്ല, വലഞ്ഞ് രോഗികൾ
വൈക്കം : ആയിരം പേരെത്തിയാലും ഡോക്ടറെ കാണാൻ ടോക്കൺ നൂറ് പേർക്ക് മാത്രം. വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ വലയാൻ പിന്നെന്ത് വേണം. വൈക്കം ഗവ:താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ജോലിക്കെത്താത്തതാണ് രോഗികളെ വലയ്ക്കുന്നത്. മെഡിസിൻ വിഭാഗത്തിൽ ഇന്നലെ ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. പിന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നെത്തിയ ഏതാനും ഹൗസ് സർജ്ജന്മാരും. പനി വ്യാപകമായതിനാൽ ആശുപത്രി ഒ.പി വിഭാഗത്തിൽ ഉച്ചവരെ ദിവസേനയെത്തുന്ന രോഗികളുടെ എണ്ണം 1200ന് മുകളിലാണ്. ഇതിൽ അഞ്ഞൂറിൽ താഴെ മാത്രമാണ് സ്പെഷ്യാലിറ്റി ഡോക്ടർമാരെ കാണാൻ പോവുക. ബാക്കിയുള്ളവരെല്ലാം മെഡിസിൻ വിഭാഗത്തിലേക്കെത്തുന്നവരാണ്. 100 ടോക്കൺ മാത്രം നൽകിയാൽ മതിയെന്നായിരുന്നു ഇന്നലെ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ രജിസ്ട്രേഷൻ കൗണ്ടറിലെ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. ഇതിൽതന്നെ അൻപതിൽ താഴെ രോഗികളെ മാത്രമാണ് ഡോക്ടർ പരിശോധിക്കുക. ബാക്കിയുള്ളവർ ഹൗസ് സർജ്ജന്മാരെ കണ്ടുകൊള്ളണം. ടോക്കൺ കിട്ടാത്തവർ ഡോക്ടറെ കാണാതെ മടങ്ങണം. മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ ഓണത്തിന് മുൻപ് അവധിയിൽ പോയതാണ്. ഇതേവരെതിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. കിടത്തിചികിത്സ ആവശ്യമായ രോഗികളെ ബെഡ്ഡില്ല എന്ന കാരണം പറഞ്ഞ് മടക്കുന്നതായും പരാതിയുണ്ട്.
എച്ച്.എം.സി വെറും നോക്കുകുത്തി
നഗരസഭയുടെ നേതൃത്വത്തിലുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിക്കാണ് ആശുപത്രി കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം. എന്നാൽ എച്ച്.എം.സി പേരിൽ മാത്രമുള്ള കമ്മറ്റിയായി മാറിയെന്നും അത് കൃത്യമായി കൂടാറില്ലെന്നും ആരോപണമുണ്ട്.
എം.കെ.മഹേഷ്
(നഗരസഭാ കൗൺസിലർ)
ഗവ.താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ആകെ താറുമാറായ നിലയിലാണ്. ലാബിൽ പല പരിശോധനകൾക്കുംസംവിധാനമില്ല. എക്സറേ മെഷീൻ കാലാഹരണപ്പെട്ടതായതിനാൽ ഇവിടെ നിന്ന് എക്സറേ എടുക്കുന്നത് രോഗികൾക്ക് പലപ്പോഴും പ്രയോജനപ്പെടാറില്ല. എച്ച്.എം.സി യഥാസമയം വിളിക്കാറില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്ന കാര്യത്തിലും പലപ്പോഴും അലംഭാവം ഉണ്ടാകുന്നു.
കെ.വി.ജീവരാജൻ
(എച്ച്.എം.സി അംഗം)
എച്ച്.എം.സി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറാകുന്നില്ല. ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചയും കെടുകാര്യസ്ഥതയുമുണ്ട്. താലൂക്ക് ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് മതിയായ സേവനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അധികൃതർക്ക് കഴിയുന്നില്ല.