കോട്ടയം: നെത്തല്ലൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നവചണ്ഡികഹോമം 25 മുതൽ ഒക്ടോബർ അഞ്ച് വരെ നടക്കും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ നടത്തുന്ന ഗണപതിഹോമത്തോടെ തുടക്കമാകും. മൂകാംബിക ക്ഷേത്രം പൂജാരി മഞ്ജുനാഥ അഡിഗയാണ് നവചണ്ഡികഹോമത്തിന് കാർമ്മികത്വം വഹിക്കുന്നത്.
25ന് രാത്രി 7:15ന് ഉദ്ഘാടന സഭയ്ക്ക് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ദീപം കൊളുത്തും. തിരുവരങ്ങിന്റെ ഉദ്ഘാടനം കലാമണ്ഡലം ഗോപി നിർവഹിക്കും. തുടർന്ന് വിവിധ ദിവസങ്ങളിൽ വിവിധ മേഖലയിലുള്ളവരുടെ പ്രഭാഷണവും കലാപരിപാടികളും നടക്കും. 26ന് ഉച്ചയ്ക്ക് 12.30ന് ജലതരംഗം. ദിവസവും രാത്രി ഏഴിനുള്ള ആദ്യ പ്രഭാഷണപരമ്പരയിൽ അഡ്വ.ടി.ആർ രാമനാഥൻ സംസാരിക്കും. 27ന് രാജു നാരായണ സ്വാമി,28ന് പ്രൊഫ.വിശ്വനാഥൻ നമ്പൂതിരി, 30ന് കെ.ജയകുമാർ, ഒന്നിന് കെ.പി ശശികല, രണ്ടിന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള, മൂന്നിന് വിദ്യാസാഗർ ഗുരുമൂർത്തി എന്നിവർ സംസാരിക്കും. നെത്തല്ലൂരമ്മ നവരാത്രി പുരസ്കാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ്, തൃപ്പൂണിത്തുറ എൻ.രാധാകൃഷ്ണൻ, ശിൽപ്പി പി.എസ്.ദേവദത്തൻ എന്നിവർക്ക് ഗവർണർ പി.എസ്.ശ്രീധരൻപിള്ള സമ്മാനിക്കും. നാലിന് വൈകിട്ട് ഏഴിന് സമാപനസഭ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അദ്ധ്യക്ഷത വഹിക്കും. ഒക്ടോബർ അഞ്ചിന് രാവിലെ ആറ് മുതൽ വിദ്യാരംഭം. ചീഫ് വിപ്പ് എൻ ജയരാജ്, മഞ്ജുനാഥ അഡിഗ, ക്ഷേത്രം മേൽശാന്തി എന്നിവരാണ് ആചാര്യന്മാർ.