കൈമലർത്തി പൊലീസ്

പാലാ: പൂസായി ഓട്ടോ ഡ്രൈവർ. മദ്യലഹരിയിലെ മരണപാച്ചിലിനിടെ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിലും കാറിലും തട്ടി അപകടവും.

വ്യാഴാഴ്ച രാത്രി 8 മണിയോടെ പാലാ കട്ടക്കയം റോഡിലായിരുന്നു ആദ്യ അപകടം. പാലാ എസ്.ആർ.കെ ബേക്കറി ഉടമ സജീവിന്റെ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് അമിതവേഗത്തിലെത്തിയ ഓട്ടോ ഇടിച്ചത്. ഓട്ടോ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി സജീവ് പറഞ്ഞു.

മറ്റാളുകളെയുംകൂട്ടി വാഹനം തടയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇടിച്ച ഓട്ടോയുമായി ഡ്രൈവർ ചീറിപ്പാഞ്ഞു. ഇതിനിടെ ഇതേ ഓട്ടോ തന്നെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കാറിലുമിടിച്ചു.

ഇതോടെ പരാതിക്കാർ പാലാ പൊലീസ് സ്റ്റേഷനിൽ വിളിച്ചു. എന്നാൽ സംഭവസ്ഥലത്തേക്ക് വരാൻ ഇപ്പോൾ വാഹനമില്ലെന്നായിരുന്നു സ്റ്റേഷനിൽ നിന്ന് ലഭിച്ച മറുപടിയെന്ന് പരാതിക്കാർ പറയുന്നു. ഓട്ടോ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നു. പിന്നീട് ഇടികിട്ടിയ രണ്ട് വാഹനങ്ങളുടെയും ഉടമകൾ പാലാ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതിനിടെ അപകടമുണ്ടാക്കിയ ഓട്ടോയുടെ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പരാതിക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും ഓട്ടോക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന ആളുടെ ഫോൺനമ്പർ കണ്ടെത്തി വിളിച്ചെങ്കിലും അയാൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും പരാതിക്കാർ പറയുന്നു.