പാലാ: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പുണ്യ പവിത്രമായ പാലാ കേന്ദ്രമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ റീജണൽ സെന്റർ ആരംഭിക്കണമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദുവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ശ്രീനാരായണ ഗുരുദേവൻ കെഴുവംകുളത്തും തുടർന്ന് പാലാ വഴി ഇടപ്പാടിയിലും സന്നിധാനം ചെയ്തതുതന്നെ വലിയ അനുഗ്രഹമാണ്. പൂഞ്ഞാർ മങ്കുഴിയിൽ പോയശേഷം ഗുരുദേവൻ മടങ്ങിയതും പാലാ വഴിയാണ്. അതുകൊണ്ടുതന്നെ പ്രത്യേക പരിഗണന നൽകി മഹാഗുരുവിന്റെ പേരിൽ പാലായിൽ പഠനകേന്ദ്രം ആരംഭിക്കണം. ഇതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ തയാറാണെന്നും ചെയർമാൻ മന്ത്രിയെ അറിയിച്ചു.

ഹരിത തീർത്ഥാടന ടൂറിസം പദ്ധതിയിൽ പെടുത്തി മന്ത്രി കെ.എം. മാണി ഇടപ്പാടിയിൽ ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം നിർമ്മിച്ച് നല്കിയെങ്കിലും ഇതേവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പുതിയ പഠനകേന്ദ്രത്തിന് ഇവിടുത്തെ സൗകര്യങ്ങൾക്കൂടി ഉപയോഗിക്കാവുന്നതാണെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.

ഇടപ്പാടിയിലെ ശ്രീനാരായണ പഠനഗവേഷണ കേന്ദ്രത്തിനും സിവിൽ സർവീസ് പരിശീലനം നേടുന്നവർക്കും തൊഴിൽ പരീക്ഷാ പരിശീലന വിദ്യാർത്ഥികൾക്കും സഹായകരമാകും ഈ കേന്ദ്രമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. പാലാ പോളിടെക്‌നിക് കോളജിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മന്ദിര നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ആർ. ബിന്ദുവിന് മുമ്പാകെ ചെയർമാൻ നിവേദനം സമർപ്പിച്ചത്.