കോട്ടയം: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി ജനാധിപത്യ സംവിധാനം കൂടുതൽ കരുത്തുറ്റതാവുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. വോട്ടർ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കൽ പരിപാടി കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു അവർ. കോട്ടയം താലൂക്ക് ഇലക്ഷൻ വിഭാഗവും കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ചേർന്നാണ് കാമ്പയിൽ നടത്തുന്നത്. ഓസോൺ ദിനത്തിന്റെ ഭാഗമായി കോളേജ് കാമ്പസിൽ കളക്ടർ വൃക്ഷത്തൈ നട്ടു. കോളേജ് മാനേജർ എം. മധു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ ജിയോ റ്റി മനോജ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കോളേജ് പ്രിൻസിപ്പൽ ജി.പി. സുധീർ, മഹാത്മാ ഗാന്ധി സർവകലാശാല എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഇ.എൻ ശിവദാസൻ, കോളേജ് എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ എസ് സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.