
കോട്ടയം. സർവകലാശാലാ കാമ്പസിൽ രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനെ വിമർശിച്ച ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ. വ്യാഴാഴ്ച എം.ജി സർവകലാശാല സംഘടിപ്പിച്ച ഡി.ലിറ്റ് ബിരുദ ദാന ചടങ്ങിൽ ഗവർണർ പങ്കെടുത്തിരുന്നു. പ്രസംഗത്തിൽ സർവകലാശാല കാമ്പസിൽ ഒട്ടിച്ച പോസ്റ്ററിനെ വിമർശിക്കുകയും ചെയ്തു. ഇതേതുടർന്നാണ് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല പ്രധാന കവാടത്തിന് മുന്നിൽ ചാൻസലറിസം കവാടത്തിന് പുറത്ത് എന്നെഴുതിയ ബാനർ സ്ഥാപിച്ചത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഗവർണറെ വിമർശിച്ച് എസ്.എഫ്.ഐയും രംഗത്ത് എത്തിയിരിക്കുന്നത്.