കല്ലറ: നവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കി കല്ലറ ശ്രീശാരദ ക്ഷേത്രം. എസ്.എൻ.ഡി.പി യോഗം 121ാം നമ്പർ കല്ലറ ശാഖാ ശ്രീശാരദ ക്ഷേത്രത്തിൽ 26 മുതൽ ഒക്ടോബർ 5 വരെ നവരാത്രി ആഘോഷങ്ങൾ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.ഡി. രേണുകൻ,സെക്രട്ടറി കെ.വി. സുദർശനൻ എന്നിവർ അറിയിച്ചു. ആയിരക്കണക്കിന് കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങ് ഒക്ടോബർ അഞ്ചിന് നടക്കും. ചടങ്ങുകൾക്ക് മേൽശാന്തി അജിത്ത് പാണാവള്ളി മുഖ്യകാർമ്മികത്വം വഹിക്കും. പൂജവെപ്പ് ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും വിദ്യാരംഭ ദിവസം ശാരദ ദേവിയുടെ പീഠത്തിൽ വച്ച് പൂജിച്ച പഠനോപകരണങ്ങളും ദേവീ പ്രസാദവും വിതരണം ചെയ്യും.
ശാരദ ക്ഷേത്രാങ്കണത്തിലുള്ള നവരാത്രി മണ്ഡപത്തിൽ 26 മുതൽ എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികൾ നടക്കും. പ്രശാന്ത് വർമ്മയുടെ ഭജൻസും കുട്ടികളുടെ ഗാനാർച്ചനകളും നവരാത്രിമണ്ഡപത്തിൽ അരങ്ങേറും. നവരാത്രി ആഘോഷങ്ങളുടെ വിജയത്തിനായി നവരാത്രി ട്രസ്റ്റ് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും കല്ലറ എസ്.എൻ.ഡി.പി ശാഖയിൽ നടന്നു. ശ്രീശാരദ നവരാത്രി ട്രസ്റ്റ് ഭാരവാഹികളായി ടി.ഐ. ദാമോദരൻ തടത്തിൽ( ചെയർമാൻ ) സുഭാഷ് തീർത്ഥം (കൺവീനർ) അനീഷ് നടുച്ചിറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് :9495685685, 9539113245.