പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന നിഷ്‌ക്രിയമായതോടെ ശേഖരിച്ച് വച്ച മാലിന്യം എന്ത് ചെയ്യുമെന്നറിയാതെ ജനം. ഓരോ വാർഡിലും വീടുകൾ കയറി മാലിന്യം സംഭരിച്ച് അവ മാലിന്യനിർമ്മാർജ്ജനകേന്ദ്രത്തിൽ എത്തിക്കുന്ന പദ്ധതി തുടങ്ങിയെങ്കിലും പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. മാലിന്യം ശേഖരിക്കാൻ ഹരിതകർമ്മ സേനാംഗങ്ങൾ എത്തുമെന്ന പ്രതീക്ഷയിൽ ഓരോവീടുകളിലും മാലിന്യം കൂട്ടിവയ്ക്കുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തകർ എത്താത്തതിനാൽ വീട്ടുകാർക്ക് കൂട്ടിവച്ച മാലിന്യം ബാദ്ധ്യതയായി.
ഓരോ ദിവസവും അന്നന്നത്തെ മാലിന്യം എങ്ങനെയെങ്കിലും നശിപ്പിച്ച് കളഞ്ഞ് വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചുപോന്നിരുന്ന വീട്ടമ്മമാരാണ് ഇപ്പോൾ പുലിവാല് പിടിച്ചത്. എല്ലാ മാസവും ഹരിതകർമ്മ സേന എത്തി മാലിന്യം ശേഖരിക്കുന്നതിന് വീടുകളിൽ നിന്ന് 50 രൂപ ഈടാക്കിയിരുന്നു. ചില വാർഡുകളിൽ സേനയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഭൂരിപക്ഷം വാർഡുകളിലും സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒന്നോ രണ്ടോ തവണമാത്രമാണ് മിക്ക വാർഡുകളിലും സേന എത്തിയത്. എന്നാൽ മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ അവകാശവാദം.

ഒരു വീട്ടമ്മ പറയുന്നത്
നിരന്തരമായി പഞ്ചായത്തിൽ പരാതിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം ഹരിതകർമ്മസേന പ്രവർത്തകർ എത്തി 50 രൂപയും കൈപ്പറ്റി മാലിന്യം ശേഖരിച്ചെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വീട്ടമ്മ പറഞ്ഞു. ചീഞ്ഞളിഞ്ഞ് പുഴു അരിക്കുന്ന മാലിന്യമാണ് പല വീടുകളിൽ നിന്ന് ലഭിക്കുന്നതെന്നും ഈ പണി തുടരാൻ താല്പര്യമില്ലെന്നും ഇനി വരില്ലെന്നും പറഞ്ഞാണ് അവർ മടങ്ങിയത്.


കഷ്ടപ്പെട്ടാലും പ്രതിഫലമില്ല
വീടുകൾ കയറി മാലിന്യം ശേഖരിക്കുന്നത് ഏറെ കഷ്ടപ്പെട്ടാണെന്നും അതിനുള്ള പ്രതിഫലം കിട്ടുന്നില്ലെന്നുമാണ് ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതി. ചീഞ്ഞളിഞ്ഞ മാലിന്യം ചുമന്നുകൊണ്ട് ഏറെ ദൂരം നടക്കണം. പിന്നെ അത് പഞ്ചായത്ത് പറയുന്ന കേന്ദ്രത്തിൽ എത്തിക്കണം. അതിനുള്ള വണ്ടിക്കൂലി കിട്ടുന്ന തുച്ഛമായ തുകയിൽ നിന്ന് കണ്ടെത്തണമെന്നും ഇവർ പറഞ്ഞു.