കുമരകം : തെരുവ് നായ ശല്യം രൂക്ഷമായതോടെ വഴിനടക്കാൻ പേടിച്ച് കുമരകം നിവാസികൾ. കഴിഞ്ഞ ദിവസം ചന്തക്ക വലയിൽ റിസോർട്ട് ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് ഇരുട്ടായാൽ നായ്ക്കൾ കൂട്ടം കൂടുന്നതിനാൽ എ.ടി.എമ്മിൽ കയറാൻ പോലും ജനം ഭയപ്പെടുകയാണ്. പാണ്ടൻ ബസാർ, കുമരകം ഗവ. ഹൈസ്‌ക്കൂൾ, ചുളഭാഗം പുത്തൻ റോഡ്, പൊലീസ് സ്റ്റേഷൻ, ആശുപത്രി പരിസരം, ചന്തക്കവല എന്നിവടങ്ങളിലാണ് നായ്ക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രത്യേക ഷെൽട്ടർ പോലുള്ള പദ്ധതികൾ തുടങ്ങാനായി പഞ്ചായത്ത് മുൻ കൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിദിനം 15 മുതൽ 20 നായ്ക്കൾക്ക് വരെ വാക്‌സിൻ നൽകി വരുന്നതായി കുമരകം വെറ്റിനറി സർജൻ ഡോ. നീതു ശശിധരൻ അറിയിച്ചു.