കറുകച്ചാൽ: കറുകച്ചാലിൽ ഒരു ടാക്സി ​സ്റ്റാൻഡ്.... ഇത് കാലങ്ങളായുള്ള ആവശ്യമാണ്. ടാക്സി ​സ്റ്റാൻഡിൽ കാര്യമെത്തുമ്പോൾ പ‌‌ഞ്ചായത്ത് അധികൃതർക്ക് മിണ്ടാട്ടമില്ല. ടാക്സി ​സ്റ്റാൻഡിനായി സ്ഥലം ഏറ്റെടുത്ത് കംഫർട്ട് ​സ്റ്റേഷൻ പണിത പഞ്ചായത്ത് അധികൃതർ ഇപ്പോൾ കൈമലർത്തുകയാണ്. സ്ഥലം കാടുമൂടി പാമ്പുകളുടെ ആവാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ന​ഗരമദ്ധ്യത്തിൽ ടാക്സി സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി 2015ലാണ് സ്വകാര്യ വ്യക്തിയിൽ നിന്നും 55 സെ​ന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തത്. 75 ലക്ഷം രൂപയ്ക്കാണ് സ്ഥലം ഏറ്റെടുത്തതെങ്കിലും തുക സംബന്ധിച്ച് തുടക്കം മുതലേ ഉടമയും പഞ്ചായത്തും തമ്മിൽ തർക്കം നിലനിന്നിരുന്നു. തുക പഞ്ചായത്ത് ഹൈക്കോടതിയിൽ കെട്ടിവെച്ചെങ്കിലും ഉടമ കൈപറ്റിയില്ല. ഇതിനിടയിൽ 2016ൽ സ്ഥലം നിരപ്പാക്കി ന​ബാർഡി​ന്റെ സഹായത്തോടെ 28 ലക്ഷം രൂപയ്ക്ക് കംഫർട്ട് ​സ്റ്റേഷനും നിർമ്മിച്ചു. ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തു. ഇതുവരെ കംഫർട്ട് ​സ്റ്റേഷൻ തുറക്കാനായിട്ടില്ല.

ടാക്സിയായി ഓടുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴും ടൗണിലില്ല. റോഡി​ന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. വാഴൂർ റോഡിൽ കറുകച്ചാൽ ബസ് ​സ്റ്റാൻഡ് മുതൽ സെൻട്രൽ ജം​ഗ്ഷൻ വരെയാണ് ഓട്ടോ ​സ്റ്റാൻഡ്. ​ഗുരുമന്ദിരം ഭാ​ഗത്തും റോഡരികിലാണ് ഓട്ടോ ​സ്റ്റാൻഡ്. പൊലീസ് ​സ്റ്റേഷന് സമീപം റോഡരികിലാണ് കാറുകളടക്കമുള്ള ടാക്സികളുടെ സ്റ്റാൻഡ്. വാഴൂർ റോഡിൽ സഹകരണ ബാങ്കിന് സമീപത്തെ റോഡരികിലാണ് പിക്കപ്പ് വാനുകൾ പാർക്ക് ചെയ്യുന്നത്.

അത് എറിഞ്ഞുതകർത്തു

ടൗണിലെ ​ഗതാ​ഗത കുരുക്കഴിക്കാനായി ടാക്സി സ്റ്റാൻഡ് നിർമ്മിക്കാൻ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലമാണ് അധികൃതരുടെ അനാസ്ഥയിൽ കാടായി മാറിയത്. കംഫർട്ട് സ്റ്റേഷന്റെ ജനൽ ചില്ലുകളും ടൈലുകളും പലതും എറിഞ്ഞു തകർത്ത നിലയിലാണ്. ഒരു കോടിയിലേറെ രൂപ മുടക്കി പഞ്ചായത്ത് നിർമ്മിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ​സ്റ്റാൻഡ് ആർക്കും പ്രയോജനമില്ലാതെ തുടരുകയാണ്.