bumber

കോട്ടയം. ചരിത്രത്തിലെ ഏറ്റവുമുയർന്ന സമ്മാനത്തുകയുമായി എത്തിയ ഓണം ബമ്പറിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികൾ. ഇന്ന് ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ്. ജില്ലയിൽ നാല് ലക്ഷം ടിക്കറ്റുകളാണ് ലഭിച്ചത്. ഇതിൽ 376,000 ത്തോളം ടിക്കറ്റുകളാണ് ഇന്നലെ വൈകുന്നേരം വരെ വിറ്റുപോയത്. അവസാന ദിനമായ ഇന്ന് ഇനിയും വിൽപ്പന ഉയരും.

25 കോടിയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. ടിക്കറ്റ് വില ഉയർത്തിയത് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കാറ്റിൽപറത്തി ജനം ആവേശത്തോടെ ഓണം ബമ്പറിനെ സ്വീകരിച്ചു. സംസ്ഥാനത്ത് 60 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം ഉയർന്നതോടെ ഏഴു ലക്ഷത്തിലേറെ ടിക്കറ്റുകൾ കൂടി അച്ചടിച്ച് വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ജില്ലയിൽ മൂന്നേമുക്കാൽ ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതിൽ നിന്ന് ഇതുവരെ 18 കോടി 80 ലക്ഷം രൂപ സർക്കാരിന് ലഭിച്ചു. സമ്മാനത്തുക, ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി തുടങ്ങിയവ കഴിഞ്ഞുള്ളതാണ് സർക്കാരിന് ലഭിക്കുന്ന യഥാർത്ഥ വരുമാനം.

കൈയിൽ കിട്ടുക 15.75 കോടി.

ഒന്നാം സമ്മാന ജേതാവിന് 15.75 കോടിയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 5 കോടിയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കും ലഭിക്കും. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.