പാലാ : നഗരത്തിൽ വാഹനാപകടങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ നാളെ ചേരുന്ന ഗതാഗത ഉപദേശക സമിതിയോഗത്തിൽ കേരളകൗമുദി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അജണ്ടയിലുൾപ്പെടുത്തി ചർച്ച ചെയ്യുമെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് അറിയിച്ചു.

പാലായിലെ വിവിധ ഗതാഗത പ്രശ്‌നങ്ങളെക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉയരംകൂടിയ വാഹനങ്ങൾ പാലാ വലിയപാലത്തിന്റെ കോൺക്രീറ്റ് അടിഭാഗം തകർക്കുന്നതാണ് ഗൗരവമേറിയ വിഷയം. ഇതോടൊപ്പം പുലിയന്നൂർ ജംഗ്ഷൻ നാൽക്കവലയിലെയും, ബൈപാസിൽ ഊരാശാല ഭാഗത്തെ അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനൊപ്പം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള കർശന നടപടികളും ഉപദേശക സമിതിയുടെ തീരുമാനത്തിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറഞ്ഞു. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പി.ഡബ്ല്യു.ഡി അധികാരികളിൽ നിന്ന് വിശദമായ റിപ്പോർട്ടും നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.