പാലാ : മാണി സി.കാപ്പൻ എം.എൽ.എയുടെ ഫണ്ട് വിനിയോഗത്തിന് പാലാ നഗരഭരണ നേതൃത്വം തടസം സൃഷ്ടിക്കുകയാണെന്നും കൊച്ചിടപ്പാടി വാർഡിനോട് ഭരണ നേതൃത്വത്തിന് ശക്തമായ അവഗണനയെന്നും വാർഡ് കൗൺസിലറും പ്രതിപക്ഷാംഗവുമായ സിജി ടോണി തോട്ടം കുറ്റപ്പെടുത്തി. നഗരസഭയുടെ ഫണ്ട് പ്രതിപക്ഷ വാർഡുകൾക്ക് അനുവദിക്കുന്നതിൽ കടുത്ത വിവേചനമാണ് ഭരണപക്ഷം കാണിച്ചതെന്നും സിജിയുടെ ആരോപണം. നിലവിൽ തകർന്ന് കിടക്കുന്ന കൊച്ചിടപ്പാടി കവീക്കുന്ന് റോഡിന് എം.എൽ.എ അനുവദിച്ച ഒമ്പത് ലക്ഷം രൂപയുടെ ഫണ്ട് വാർഡിൽ വിനിയോഗിക്കുന്നതിന് ഭരണ നേതൃത്വം തടസ്സം നിൽക്കുകയാണെന്നാണ് സിജിയുടെ പരാതി. തുടർ നടപടികൾ എം.എൽ.എ, വാർഡിലെ ജനങ്ങൾ എന്നിവരോടും യു.ഡി.എഫ് നേത്യത്വവുമായും കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.