മുണ്ടക്കയം : പുത്തൻചന്തയിലുള്ള പഞ്ചായത്ത് സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നു. പഞ്ചായത്ത് ഗ്രൗണ്ടിൽ 2020 ലാണ് സ്റ്റേജും ടോയ്‌ലെറ്റ് സമുച്ചയവും നിർമ്മിച്ചത്. ഇത് ഉപയോഗശൂന്യമായ നിലയിലാണ്. മണ്ണും ചെളിയും നിറഞ്ഞ മുറികളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുകയാണ്. ഒഴിഞ്ഞ മദ്യക്കുപ്പുകളും സിഗരറ്റ് കൂടുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് മുറിയും, പരിസരവും.

പ്രളയത്തിനുശേഷം പുനർജനി പദ്ധതി പ്രകാരം മണിമലയാറ്റിൽ നിന്ന് മാറ്റിയ മണൽ ഇവിടെ നിക്ഷേപിച്ചതോടെ ഗ്രൗണ്ടിൽ ഇപ്പോൾ കുട്ടികൾക്ക് കളിക്കാൻ സാധിക്കുന്നില്ല. ഇതോടെ ഗ്രൗണ്ട് കാടുകയറിയ നിലയിലാണ്. നിരവധി കായികതാരങ്ങളാണ് ഇവിടെ രാവിലെയും വൈകിട്ടും പരിശീലനം നടത്തിയിരുന്നത്. ഇപ്പോൾ ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ കാരണം ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നെങ്കിലും പരിഹാരം അകലെയാണ്. എത്രയും വേഗം സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.