കോട്ടയം: കോടിമത മുപ്പായിപ്പാടം റോഡ് തോടാണോ റോഡാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഒരു മഴകൂടി പെയ്താൽ യാത്രക്കാരുടെ സംശയം ഇരട്ടിക്കും. എം.സി റോഡിൽ നിന്നും മണിപ്പുഴ പാലം ചുറ്റാതെ മുപ്പായിപ്പാടത്തേയ്ക്കും ബൈപ്പാസ് റോഡിലേയ്ക്കും എത്തിച്ചേരാനുള്ള എളുപ്പമാർഗമായ റോഡ് പൂർണമായും തകർന്നനിലയിലാണ്. വർഷങ്ങളായി ഇതാണ് അവസ്ഥ. ഇപ്പോൾ ഓട്ടോറിക്ഷപോലും ഇതുവഴി പോകാറില്ല. എം.സി റോഡിൽ ഗതാഗതതടസം നേരിടുന്ന സമയത്ത് കോട്ടയം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിട്ടിരുന്നത്. റോഡിൽ ഇപ്പോൾ ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ നിലയിലാണ്. മഴ പെയ്താൽ റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയും.
മുപ്പായിപാടം നിവാസികൾക്ക് വേഗത്തിൽ എം.സി റോഡിലേയ്ക്ക് പോകാൻ സാധിക്കുന്ന റോഡാണിത്. റോഡിന് ഇരുവശങ്ങളും പാടശേഖരവും കാട് പിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തു ശല്യം രൂക്ഷമാണ്. കാടും വാഹനങ്ങളുടെ കുറവും കാരണം മാലിന്യം തള്ളുന്നതും പതിവായി.
വന്നാൽ പെട്ടുപോകും
റോഡിൻ്റെ ശോച്യാവസ്ഥ അറിയാതെ ഇതുവഴി എത്തുന്ന ഇരുചക്രവാഹനങ്ങൾ പെട്ടുപോകും. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് ചാടി വേണം ദുരിതയാത്ര പൂർത്തിയാക്കാൻ. ഇടക്കാലത്ത് റോഡിൻ്റെ ഒരു ഭാഗം മാത്രം ടാർ ചെയ്തിരുന്നെങ്കിലും പൂർണമായും സഞ്ചാരയോഗ്യമാക്കിയില്ല. റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ഒരുപോലെ ആവശ്യപ്പെടുന്നു.