
കോട്ടയം . കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ ഇറച്ചിക്കോഴികളെ വിൽക്കുന്നതിന് സർക്കാർ ആവിഷ്ക്കരിച്ച കേരള ചിക്കൻ സ്റ്റാളുകളിലും ഈടാക്കുന്നത് വിപണി വിലയ്ക്ക് തുല്യമായ വില. മൃഗസംരക്ഷണ വകുപ്പിന്റെയും കെപ്കോയുടേയും സഹകരണത്തോടെയാണ് കേരള ചിക്കൻ സ്റ്റാൾ പദ്ധതി നടപ്പിലാക്കിയത്. തുടക്കത്തിൽ 85 രൂപയ്ക്ക് കോഴിയെ വില്പന നടത്തിയാണ് സ്റ്റാളുകൾ ആരംഭിച്ചത്. എന്നാൽ ഇന്ന് 114 രൂപ വരെ ഇറച്ചിക്കോഴിക്ക് നൽകണം. വിപണിവിലയാകട്ടെ 117 രൂപയും. കൂടാതെ ഔട്ട്ലെറ്റുകളിലേക്ക് ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള ഇറച്ചിക്കോഴികളെ മാത്രമാണ് എത്തിക്കുന്നത്. ഇതോടെ സ്റ്റോക്ക് തീർന്നുപോയാൽ പിന്നീട് വാങ്ങാൻ എത്തുന്നവർക്ക് കോഴി ലഭിക്കാതെ വരുന്ന സ്ഥിതിയുമുണ്ട്. ജില്ലയിൽ 20 കേരള ചിക്കൻ സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. ഇവിടേക്ക് ആവശ്യമായ ഇറച്ചിക്കോഴികളെ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന 42 ഫാമുകളിൽനിന്നാണ് എത്തിക്കുന്നത്. ഓരോ ഫാമിലും 5000 കോഴികളെ വളർത്താനുള്ള ശേഷി മാത്രമാണുള്ളത്.