കോട്ടയം: എക്‌സ്‌പ്ലോസീവ് ലൈസൻസ് നൽകുന്നതിലും ലൈസൻസ് മാറ്റുന്നതിനും കൈക്കൂലി വാങ്ങുന്നവെന്ന പരാതിയിൽ എ.ഡി.എം ഓഫീസിൽ നിന്ന് വിജിലൻസ് രേഖകൾ പിടിച്ചെടുത്തു. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പരിശോധനയിൽ വ്യക്തമായി. ഉദ്യോഗസ്ഥർ ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനത്തിലൂടെ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താനും വിജിലൻസ് തീരുമാനിച്ചു.
ഇന്നലെ ഉച്ചയോടെയാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്. എക്‌സ്‌പ്ലോസീവ് ലൈസൻസ് നൽകുന്നതിലും തിര, കേപ്പ് ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് മാറ്റുന്നതിലും ക്രമക്കേടുള്ളതായി പരാതിയുണ്ടായിരുന്നു.